സൗദിയിൽ രണ്ട് വർഷത്തിനിടെ അടച്ചുപൂട്ടിയത് 2400 വിദ്യാഭ്യാസ സ്ഥാപനങ്ങൾ
|7500 സ്വകാര്യ സ്‌കൂളുകളായിരുന്നു രാജ്യത്തൊട്ടാകെ ഉണ്ടായിരുന്നത്
സൗദിയിൽ രണ്ട് വർഷത്തിനിടെ രണ്ടായിരത്തി നാനൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടി.അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നിന്നും കൊഴിഞ്ഞ് പോയിട്ടുണ്ട്.വിദേശികളുടെ മേൽ ചുമത്തിയ വാറ്റും സൗദിവൽക്കരണവുമാണ് സ്ഥാപനങ്ങൾ അടച്ച് പൂട്ടാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
7500 സ്വകാര്യ സ്‌കൂളുകളായിരുന്നു രാജ്യത്തൊട്ടാകെ ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ 6,900 സ്‌കൂളുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ അറുനൂറ് സ്വകാര്യ സ്‌കൂളുകളും, 1800 കെ.ജി നഴ്സറികളും അടച്ച് പൂട്ടി. മക്ക ചേംബർ ഓഫ് കൊമേഴ്സ് സ്വകാര്യ വിദ്യാഭ്യാസ സമിതി വൈസ് ചെയർമാൻ ഫഹദ് ഹമദ് ബിൻ യമിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദിവൽകരണവും വാറ്റും കാരണം വിദ്യാർത്ഥികളുടെ എണ്ണത്തിൽ 5 ലക്ഷത്തിന്റെ കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു. കോവിഡിന് ശേഷം 65 മുതൽ 75 ശതമാനം വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗദിവൽക്കരണം നടപ്പിലാക്കുന്നത്. ഓൺലൈന് പഠനത്തിൽ നിന്നും സാധാരണ പഠനരീതിയിലേക്ക തിരിച്ച് വരുന്നതോടെ, അടച്ച് പൂട്ടിയ സ്ഥാപനങ്ങളെല്ലാം പുനരാരംഭിച്ചേക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പൊതു വിദ്യാലയങ്ങളുടെ ചെലവ് ചുരുക്കുന്നതിനായി വിദേശികളുടെ മേൽ ചുമത്തിയിട്ടുള്ള മൂല്യ വർധിത നികുതി ലഘൂകരിക്കുകയോ പിൻവലിക്കുകയോ ചെയ്യണമെന്നും സ്വകാര്യ വിദ്യാഭ്യാസ നിയമങ്ങൾ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.