സൗദിയിൽ ട്രാഫിക് പിഴക്കെതിരെ അപ്പീൽ നൽകൽ ദുരുപയോഗം ചെയ്താൽ സേവനം റദ്ദാക്കും
|അപ്പീൽ തള്ളുന്നവരുടെ ട്രാഫിക് പിഴ അവരുടെ അക്കൗണ്ടിൽ നിന്ന് നേരിട്ട് തന്നെ പതിനഞ്ച് ദിവസത്തിന് ശേഷം ഈടാക്കും
ജിദ്ദ: സൗദിയിൽ ട്രാഫിക് പിഴക്കെതിരെ അപ്പീൽ നൽകാനുള്ള സേവനം ദുരുപയോഗം ചെയ്യുന്നവർക്ക് സേവനം നിർത്തലാക്കും. നിയമലംഘനം ഉറപ്പുള്ള സാഹചര്യത്തിലും തുടരെ അപ്പീൽ നൽകുന്നവരുടെ സേവനമാണ് റദ്ദാക്കുക.
സൗദിയിൽ ട്രാഫിക് പിഴകൾ ലഭിച്ചാൽ അക്കാര്യം പരിശോധിക്കാനാവുക അബ്ഷീർ പ്ലാറ്റ്ഫോമിലാണ്. സൗദിയിൽ ജീവിക്കുന്നവർക്കുള്ള വ്യക്തിഗത സേവന പ്ലാറ്റ്ഫോമാണ് അബ്ഷീർ. ഈ പ്ലാറ്റ്ഫോമിലെ ട്രാഫിക് വയലേഷൻ ലിങ്കിലൂടെ നിലവിലുള്ള പിഴകളറിയാൻ സാധിക്കും. സീറ്റ് ബെൽറ്റ്, മൊബൈൽ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാനിടയായ ഫോട്ടോയും അബ്ഷീറിലൂടെ ലഭ്യമാകും. നിയമലംഘനം നടത്താതെയാണ് പിഴ വന്നതെന്ന് ഉറപ്പുണ്ടെങ്കിൽ അപ്പീൽ നൽകാം.
ട്രാഫിക് പിഴ ലഭിച്ച് 30 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്. ഇവരുടെ അപ്പീൽ പരിശോധിച്ച് പിഴ ഈടാക്കിയതിൽ തെറ്റുണ്ടെന്ന് കണ്ടാൽ പിഴ ഒഴിവാക്കി ലഭിക്കും. എന്നാൽ എല്ലാ പിഴകൾക്കും അനാവശ്യമായി അപ്പീൽ നൽകുന്നതിനെതിരെയാണ് അബ്ഷീർ പ്ലാറ്റ്ഫോമിന്റെ മുന്നറിയിപ്പ്. ഇത്തരക്കാർക്ക് അപ്പീൽ നൽകാനുള്ള സേവനം തന്നെ റദ്ദാക്കും. അപ്പീൽ തള്ളുന്നവരുടെ ട്രാഫിക് പിഴ അവരുടെ അക്കൗണ്ടിൽ നിന്ന് നേരിട്ട് തന്നെ പതിനഞ്ച് ദിവസത്തിന് ശേഷം ഈടാക്കും.