Saudi Arabia
സൗദിയില്‍ ദേശീയോദ്യാന പരിപാടിക്ക് തുടക്കം കുറിച്ചു
Saudi Arabia

സൗദിയില്‍ ദേശീയോദ്യാന പരിപാടിക്ക് തുടക്കം കുറിച്ചു

Web Desk
|
2 Jan 2022 8:50 AM GMT

പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിരത കൈവരിക്കലും പാരിസ്ഥിതിക പ്രവര്‍ത്തന സംസ്‌കാരം പ്രോത്സാഹിപ്പിക്കലുമാണ് പ്രോഗ്രാമിന്റെ ലക്ഷ്യം

പര്‍വതം, വനം, തീരം, ജലം എന്നിങ്ങനെ പല മേഖലകളാക്കി വിഭജിച്ച സൗദിയിലെ ദേശീയോദ്യാനങ്ങളുടെ സ്വാഭാവികത നിലനിറുത്തിയുള്ള വികസനവും വിവിധ സസ്യവര്‍ഗങ്ങളുടെ വ്യാപനവും ലക്ഷ്യമിട്ടുള്ള ദേശീയോദ്യാന പരിപാടിക്ക് തുടക്കം കുറിച്ചു.

രാജ്യത്തുടനീളമുള്ള ദേശീയോദ്യാനങ്ങളുടെ വികസനത്തെക്കുറിച്ച് പൊതു സമൂഹത്തെ അറിയിക്കുന്നതിനൊപ്പം, രാജ്യത്തിന്റെ പ്രകൃതി സമ്പത്തിലേക്കും അത്യപൂര്‍വ ഭൂപ്രദേശങ്ങളിലേക്കും വെളിച്ചം വീശുകയും അവയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന പരിപാടിയെക്കുറിച്ചുള്ള പ്രതിമാസ ആമുഖ ബുള്ളറ്റിനും ദേശീയോദ്യാന കേന്ദ്രം പുറത്തിറക്കി. പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിരത കൈവരിക്കലും പാരിസ്ഥിതിക പ്രവര്‍ത്തന സംസ്‌കാരം പ്രോത്സാഹിപ്പിക്കലുമാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.

60 മാസത്തിനുള്ളില്‍ രാജ്യത്താകെയുള്ള 100 ദേശീയോദ്യാനങ്ങളുടെ വികസനം, ഹരിത സൗദി സംരംഭത്തിന് ഫലപ്രദമായ സംഭാവനകള്‍ നല്‍കുന്നതരത്തില്‍ 50 ദശലക്ഷത്തിലധികം മരങ്ങള്‍നട്ടുപിടിപ്പിക്കല്‍ എന്നിങ്ങനെ 5 പ്രധാന ലക്ഷ്യങ്ങളും പ്രോഗ്രാമിന്റെ ചുമതലകളില്‍ ഉള്‍പ്പെടുന്നു. ടൂറിസം മേഖലകളില്‍ തൊഴിലവസരങ്ങളും നിക്ഷേപവും വര്‍ധിപ്പിക്കുക, പരിസ്ഥിതി സൗഹൃദമായ കായിക വിനോദങ്ങളും പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുക, ദേശീയ പാര്‍ക്കുകളില്‍ പ്രതിവര്‍ഷം രണ്ട് ദശലക്ഷത്തിലധികം സന്ദര്‍ശകരെ എത്തിക്കുക എന്നിവയെല്ലാം പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്.

Similar Posts