Saudi Arabia
ഇന്ത്യ-സൗദി കലാ സാംസ്‌കരികോത്സവത്തിനുള്ള ഒരുക്കം പൂർത്തിയായി
Saudi Arabia

ഇന്ത്യ-സൗദി കലാ സാംസ്‌കരികോത്സവത്തിനുള്ള ഒരുക്കം പൂർത്തിയായി

Web Desk
|
17 July 2024 5:18 PM GMT

ഇന്ത്യൻ ആൻഡ് സൗദി നൈറ്റ് ജൂലൈ 26ന് ഇക്വിസ്ട്രിയൻ ക്ലബ്ബിൽ

ജിദ്ദ: സൗദിയിൽ ജിദ്ദ സീസണിന്റെ ഭാഗമായി ഇന്ത്യ-സൗദി കലാ സാംസ്‌കരികോത്സവത്തിനുള്ള ഒരുക്കം പൂർത്തിയായി. മലയാളി താരങ്ങളുൾപ്പടെ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രശസ്തരായ കലാകാരന്മാർ ഇതിൽ പങ്കെടുക്കും. ഈ മാസം 26ന് ജിദ്ദയിലെ ഇക്വിസ്ട്രിയൻ ക്ലബ്ബിൽ നടക്കുന്ന പരിപാടിയുടെ ടിക്കറ്റ് ഇന്ന് മുതൽ വീ ബുക്ക് എന്ന ഓണ്‌ലൈൻ പ്ലാറ്റ് ഫോമിലൂടെ ലഭ്യമാണ്.

ജിദ്ദ സീസണിന്റെ ഭാഗമായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിക്ക് കിഴിലാണ് ഇന്ത്യ-സൗദി കലാ സാംസ്‌കരികോത്സവം അരങ്ങേറുന്നത്. ഇന്ത്യൻ ആൻഡ് സൗദി നൈറ്റ് എന്ന പേരിൽ നടക്കുന്ന പരിപാടി യിൽ മലയാളി റാപ്പ് ഗായകൻ ഡെബ്‌സി, നികിത ഗാന്ധി, സൽമാൻ അലി എന്നിവർ ഒരുക്കുന്ന സംഗീതനിശയും സഞ്ജിത്ത് ഡാൻസ് ക്രൂ ഒരുക്കുന്ന നൃത്തച്ചുവടുകളും അരങ്ങിലെത്തും. പ്രമുഖ ബോളിവുഡ് നടി ഗൗഹർ അലി ഖാനും പരിപാടിയിൽ പങ്കെടുക്കും. കൂടാതെ സുലൈമാൻ ഖുറൈശി, അൽ ബുഹാറ തുടങ്ങിയ പ്രമുഖ സൗദി കലാകാരന്മാരും പങ്കെടുക്കുന്ന പരിപാടിയിൽ വിവിത ഇന്ത്യൻ-സൗദി കലാരൂപങ്ങളും അരങ്ങേറും.

ഇന്ത്യ-സൗദി സംസ്‌കാരിക പൈതൃകങ്ങളുടെ കൈമാറ്റ വേദികൂടിയാവും ഇന്ത്യൻ ആൻഡ് സൌദി നൈറ്റ്. ജൂലൈ 26ന് വെള്ളിയാഴ്ച വൈകുന്നേരം ജിദ്ദ ഇക്വിസ്ട്രിയൻ ക്ലബ്ബിലാണ് പരിപാടി. ഇരുപതിനായിരത്തോളം പേർക്ക് പരിപാടി ആസ്വദിക്കാനാകുംവിധമാണ് ക്രമീകരണങ്ങൾഒരുക്കുന്നത്.

പരിപാടിയുടെ ടിക്കറ്റ് വീ ബുക്ക് എന്ന ഓണ്‌ലൈൻ പ്ലാറ്റ് ഫോമിലൂടെയും വിവിധ സ്ഥാപനങ്ങളിലൂടെയും ഇന്ന് മുതൽ ലഭ്യമാക്കിയിട്ടുണ്ട്. 35 റിയാൽ, 99 റിയാൽ ടിക്കറ്റുകളാണ് വില്പനക്കുള്ളത്. 99 റിയാൽ ടിക്കറ്റെടുക്കുന്നവർക്ക് സീറ്റിലിരുന്ന് പരിപാടി ആസ്വദിക്കാം. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇക്വിസ്ട്രിയൻ ക്ലബ്ബിലേക്ക് സൗജന്യ ബസ് സർവീസുകളും ഒരുക്കുന്നുണ്ട്. ഇന്ത്യയെ കൂടാതെ, പാക്കിസ്താൻ, ബംഗ്ലാദേശ്, ശീലങ്ക, ഫിലിപ്പിനോ തുടങ്ങി വിവിത രാജ്യങ്ങളുടെ നൈറ്റും വരും വീക്കെൻഡ്കളിൽ ഇതേ വേദിയിൽ നടക്കും.

Similar Posts