Saudi Arabia
ഇന്ത്യ-സൗദി വ്യാപാരബന്ധം വീണ്ടും ശക്തമാകുന്നു
Saudi Arabia

ഇന്ത്യ-സൗദി വ്യാപാരബന്ധം വീണ്ടും ശക്തമാകുന്നു

Web Desk
|
29 July 2021 6:44 PM GMT

കഴിഞ്ഞ മാസം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം 960 കോടി റിയാലിലെത്തിയെന്ന് റിപ്പോർട്ട്. സൗദിയുടെ കയറ്റുമതി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

കോവിഡിനെ തുടർന്ന് ഇടിവ് രേഖപ്പെടുത്തിയ ഇന്ത്യ-സൗദി വ്യാപാരബന്ധം വീണ്ടും ശക്തമാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച മാസാന്ത റിപ്പോർട്ടിലാണ് വർധന രേഖപ്പെടുത്തിയത്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം വീണ്ടും ആയിരം കോടിക്ക് അടുത്തെത്തി.

സൗദിയിൽനിന്ന് എണ്ണയുൾപ്പെടെയുള്ള അസംസ്‌കൃതവസ്തുക്കളുടെ ഇറക്കുമതിയിൽ ഇന്ത്യ വീണ്ടും രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. 960 കോടി റിയാലാണ് കഴിഞ്ഞ മാസത്തെ ഇരുരാജ്യങ്ങളുടെയും വ്യാപാരമൂല്യം. ഇതോടെ ഉഭയകക്ഷി വ്യാപാരം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. 760 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് കയറ്റിയയച്ചത്. ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള ഇറക്കുമതിയിലും ഇക്കാലയളവില് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 200 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദി അറേബ്യ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തത്.

സൗദിയുടെ മൊത്തം വിദേശ വ്യാപാരത്തിലും വലിയ വർധനയാണ് ഇക്കലയളവിൽ രേഖപ്പെടുത്തിയത്. 8,220 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദി അറേബ്യ കഴിഞ്ഞ മാസത്തിൽ വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 120 ശതമാനം അധികമാണ്. 4,440 കോടി റിയാലിന്റെ വിദേശ ഉൽപന്നങ്ങൾ വിവിധ രാജ്യങ്ങളിൽനിന്നായി ഇക്കാലയളവിൽ സൗദി അറേബ്യ ഇറക്കുമതി ചെയ്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Similar Posts