ഇന്ത്യൻ ഹാജിമാർ എത്തുന്നു; ഹജ്ജ് തിരക്കിൽ മദീന നഗരി
|ആയിരത്തിലേറെ വരുന്ന ഇന്ത്യക്കാരടക്കം പതിനായിരത്തിലേറെ ഹാജിമാരാണ് ഇന്ന് മദീനയിലെത്തിയത്.
ജിദ്ദ: ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘങ്ങൾ മദീനയിലെത്തി. ജയ്പൂരിൽ നിന്നുള്ള ആദ്യ വിമാനത്തിലെ 256 ഹാജിമാരെ ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ കോൺസുൽ ജനറലും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. അഞ്ച് വിമാനങ്ങളാണ് ഇന്ന് ഇന്ത്യയിൽ നിന്നെത്തിയത്.
ആയിരത്തിലേറെ വരുന്ന ഇന്ത്യക്കാരടക്കം പതിനായിരത്തിലേറെ ഹാജിമാരാണ് ഇന്ന് മദീനയിലെത്തിയത്. ഹാജിമാരെത്തിയതോടെ മദീന നഗരി തിരക്കിലേക്ക് നീങ്ങി.
പണ്ട് പ്രവാചകനെ മദീനക്കാർ സ്വീകരിച്ചപ്പോൾ ചൊല്ലിയ വരികളുടെ പശ്ചാത്തലം മദീന വിമാനത്താവളത്തിലൊരുക്കിയിരുന്നു. ഇന്ന് പുലർച്ചെ മുതലെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹാജിമാരെ പനിനീർ പൂക്കളെറിഞ്ഞും ഈന്തപ്പഴം നൽകിയുമാണ് സ്വീകരിച്ചത്.
ഉച്ചയോടെയാണ് ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘമെത്തിയത്. ജയ്പൂരിൽ നിന്നുള്ള ഹാജിമാരെ പനിനീർ പൂക്കൾ നൽകി ഇന്ത്യൻ ഹജ്ജ് മിഷനു കീഴിൽ കോൺസുൽ ജനറലും ഉദ്യോഗസ്ഥരും സ്വീകരിച്ചു.
അഞ്ച് വിമാനങ്ങളിലായി 1400 പേരാണ് ഇന്ന് മദീനയിൽ എത്തിയത്. മലേഷ്യയിൽ നിന്നായിരുന്നു ആദ്യ വിമാനം. ഇന്ത്യൻ ഹജ്ജ് മിഷന് കീഴിലാണ് ഇന്ത്യൻ തീർഥാടകർക്കുള്ള സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്.
മദീനയിലെ പലഭാഗങ്ങളും പുതുക്കിപ്പണിയുകയാണ്. നിലവിൽ ഇന്ത്യൻ ഹാജിമാർക്ക് ഹറമിനോട് ചേർന്നുള്ള മർക്കസിയ ഭാഗത്താണ് താമസം. തിരക്കേറുന്നതിനനുസരിച്ച് മറ്റു ഭാഗങ്ങളിലും സൗകര്യമൊരുക്കും.
പുരുഷ കൂട്ടാളിയില്ലാതെ വരുന്ന, അതായത് മഹറമില്ലാതെ വരുന്ന വനിതാ ഹാജിമാർക്ക് പ്രത്യേക ആശുപത്രിയടക്കം വൻ സൗകര്യങ്ങൾ ഇത്തവണയുമുണ്ടാകും.
വരും ദിനങ്ങലിലേക്കും മദീനയിലേക്കുള്ള ഹാജിമാരുടെ വരവ് തുടരും. ജൂൺ ആറിന് മലയാളി ഹാജിമാർ ജിദ്ദയിലേക്കാണ് നേരിട്ട് വരിക. ഇവർക്ക് ഹജ്ജ് കർമം കഴിഞ്ഞ ശേഷമാകും മദീനാ സന്ദർശനം.