ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
|'ഇന്ദിരയുടെ ഇന്ത്യ' എന്ന ശീർഷകത്തിൽ ദമ്മാം ഒ.ഐ.സി.സി വനിത വേദിയാണ് ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചത്
ദമ്മാം: ഇന്ദിരാ ഗാന്ധിയുടെ 40ാം ചരമ വാർഷികം ആചരിക്കുന്ന ഈ കാലഘട്ടത്തിലും അവരുടെ പേരിനെ ഭയപ്പെടുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്ന് ഒഐസിസി വനിതാ വേദി ദമ്മാം റീജിയണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. 'ഇന്ദിരയുടെ ഇന്ത്യ' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ചരമ വാർഷിക യോഗം ഒഐസിസി ദമ്മാം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ സലിം ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് ലിബി ജെയിംസ്, നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, വനിതാ വേദി സെക്രട്ടറി യായ ശരണ്യ സണ്ണി, കെഎംസിസി വനിതാ വിംഗ് പ്രസിഡന്റ് ഷബ്ന നജീബ്, പ്രവാസി വെൽഫെയർ പ്രതിനിധി ഫൗസിയ എന്നിവരും ഒഐസിസി വൈസ് പ്രസിഡന്റുമാരായ അബ്ദുൽ കരീം, ഡോ. സിന്ധു ബിനു, ഷിജില ഹമീദ്, ജനറൽ സെക്രട്ടറിമാരായ പാർവതി സന്തോഷ്, ശിഹാബ് കായംകുളം, സെക്രട്ടറി രാധിക ശ്യാം പ്രകാശ് എന്നിവർ സംസാരിച്ചു.
വനിതാവേദി നേതാക്കളായ അർച്ചന അഭിഷേകും നിമ്മി സുരേഷും ചേർന്നൊരുക്കിയ ഡോക്യുമെന്ററി നെഹ്റുവിന്റെ പുത്രിയുടെ ജീവിതത്തെക്കുറിച്ചുള്ള ആകർഷണീയവും ഹൃദ്യവുമായ വിവരണം നൽകി. ആതുര സേവന രംഗത്തെ പ്രവർത്തന മികവിന് യോഗത്തിൽ ആനി പോളിനെ മൊമെന്റോ നൽകി ആദരിച്ചു. ഹുസ്ന ആസിഫ്, ആയിഷ സജൂബ് എന്നിവർ നേതൃത്വം നൽകി.