സൗദിയിൽ സ്‌കൂൾ ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന
|സൗദി വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശോധന
റിയാദ്: സൗദിയിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ സ്‌കൂളുകളിലേക്ക് ആവശ്യമുള്ള വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി. മികച്ച ഉത്പന്നങ്ങൾ ശരിയായ വിലയിൽ, നിയമാനുസൃതമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. സൗദി വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയത്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
രാജ്യത്തിന്റെ വിവിധയിടങ്ങളിലായാണ് പരിശോധന നടത്തിയത്. സ്‌കൂൾ ഉത്പന്നങ്ങൾ വിൽക്കുന്ന ലൈബ്രറികൾ, സ്റ്റേഷനറി സ്റ്റോറുകൾ, സെയിൽസ് ഔട്ട്ലെറ്റുകൾ, ഇലക്ട്രോണിക് ഷോപ്പുകൾ എന്നിവയുൾപ്പെടെ സ്‌കൂളുകളിലേക്ക് ആവശ്യമുള്ള വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന. സ്‌കൂൾ ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുക, വില ടാഗുകൾ പരിശോധിക്കുക. വില നിലവാരം ഉറപ്പുവരുത്തുക, പ്രമോഷനുകളും ഓഫറുകളും നിയമാനുസൃതമാണെന്ന് ഉറപ്പാക്കുക തുടങ്ങിയ പരിശോധനകളാണ് നടക്കുന്നത്.
നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റുകൾക്കെതിരെ പിഴയടക്കം കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈ മാസം 18നാണ് സൗദി സ്‌കൂളുകളിൽ അധ്യയനം പുനരാരംഭിക്കുക. സെപ്തംബർ ഒന്നിനാണ് ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നത്. 35000 സ്‌കൂളുകളാണ് ആകെ സൗദിയിലുള്ളത്. ഇവ തുറക്കുന്നതോടെ സ്‌കൂൾ ഉത്പന്നങ്ങൾക്കും ആവശ്യക്കാർ ഏറും.