Saudi Arabia
സൗദിയിലെ സ്ഥാപനങ്ങളിൽ വൃത്തിയില്ലെങ്കിൽ ഇനി പണി കിട്ടും; നഗര പരിധിയിലെ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന
Saudi Arabia

സൗദിയിലെ സ്ഥാപനങ്ങളിൽ വൃത്തിയില്ലെങ്കിൽ ഇനി പണി കിട്ടും; നഗര പരിധിയിലെ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന

Web Desk
|
19 Oct 2021 4:51 PM GMT

നഗരങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് നടപടി

സൗദിയിലെ നഗര പരിധിയിലെ ഹോട്ടലുകളിലും, വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലും ശുചിത്വ പരിശോധനയിൽ വൻതുക പിഴ ഈടാക്കാൻ തീരുമാനം. ലോകോത്തര നിലവാരത്തിലേക്ക് റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളെ മാറ്റുന്നതിന്റെ ഭാഗമായാണിത്. ഹോട്ടലുകളിലും കടകളിലും വൃത്തിഹീനമായ സാഹചര്യമുണ്ടായാൽ സ്ഥാപനം അടച്ച് പൂട്ടാൻ നടപടിയെടുക്കും.

സൗദിയിലെ സ്ഥാപനങ്ങളെ വിവിധ തരങ്ങളാക്കിയാണ് പരിശോധനയുണ്ടാവുക. കച്ചവട സ്ഥാപനങ്ങൾ, ഹോട്ടൽ എന്നിവിടങ്ങളിലായിരിക്കും പരിശോധന. കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വമില്ലാത്ത സാഹചര്യം കണ്ടെത്തിയാൽ ആദ്യം മുന്നറിയിപ്പ് നൽകും. ഇതിന്റെ രേഖ മുനിസിപ്പാലിറ്റി സൂക്ഷിക്കും. വീണ്ടും പാളിച്ച കണ്ടാൽ പിഴയീടാക്കും. തുടർന്നാൽ പിഴ ഇരട്ടിച്ചു കൊണ്ടേയിരിക്കും.

പതിനായിരം റിയാൽ വരെ ആദ്യ ഘട്ടത്തിൽ ഈടാക്കാനാണ് നിർദേശം. ഹോട്ടലുകളിലെ ടേബിൾ, ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലം, ശുചി മുറികൾ, വാഷ് റൂമുകൾ എന്നിവിടങ്ങളിൽ ശുചിത്വമില്ലെങ്കിൽ വൻതുക പിഴയീടാക്കും. ഉപഭോക്താക്കൾക്കും ഇത് പരാതിപ്പെടാനുള്ള അവസരമുണ്ടാകും. ഹോട്ടലുകളിൽ വിട്ടു വീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് നിർദേശം. ഗുരുതരമെങ്കിൽ സ്ഥാപനം പൂട്ടിക്കും. ജിദ്ദയിലും ദമ്മാമിലും സമാന രീതിയിൽ പ്രമുഖ സ്ഥാപനങ്ങൾ അടപ്പിച്ചിരുന്നു. സ്ഥാപനങ്ങളുടെ മുൻവശത്തും മാലിന്യം സംസ്കരിക്കുന്ന രീതിയിലും പാളിച്ചയുണ്ടെങ്കിൽ നടപടിയുണ്ടാകും. ഫലത്തിൽ വൃത്തിയില്ലാത്ത സ്ഥാപനങ്ങൾക്ക് മിന്നൽ പരിശോധനയിലൂടെ പിഴയീടാക്കാനാണ് നിർദേശം.

Similar Posts