123 രാജ്യങ്ങളിൽ നിന്ന് 173 മത്സരാർഥികൾ; അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിന് മക്കയിൽ തുടക്കം
|ഫൈനൽ മത്സരങ്ങൾ ഈ മാസം 21ന് നടക്കും
മക്ക: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിന് മക്കയിൽ തുടക്കം. മത്സരത്തിന്റെ ഉദ്ഘാടനം മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലുശൈഖ് നിർവഹിച്ചു. യോഗ്യത മത്സരങ്ങളാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. 123 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 173 മത്സരാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുക. ആറ് ദിവസം നീണ്ടു നിൽക്കുന്ന യോഗ്യത മത്സരങ്ങൾക്ക് ശേഷമാകും അവസാനഘട്ട മത്സരങ്ങൾ ആരംഭിക്കുക.
അഞ്ച് വിഭാഗങ്ങളിലായാണ് അവസാനഘട്ട മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സൗദി, ജോർഡൻ, മാലി, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഖുർആൻ പണ്ഡിതരുടെ ജൂറിയാണ് വിജയിയെ തിരഞ്ഞെടുക്കുക. വിവിധ രാജ്യങ്ങളിൽ നിന്ന് ഖുർആൻ മനപ്പാഠമാക്കിയ ഇത്രയും മത്സരാർഥികൾ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിപാടി കൂടിയാണിത്. വിശ്വാസികൾക്കിടയിൽ ഖുർആൻ പഠനം പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിജയികൾക്ക് മൊത്തം 40 ലക്ഷം റിയാലിന്റെ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പരിപാടിയുടെ ഫൈനൽ മത്സരങ്ങൾ ഈ മാസം ഇരുപത്തി ഒന്നിനായിരിക്കും സംഘടിപ്പിക്കുക