ഇറാന്റെ ആണവായുധ ശേഖരം; അമേരിക്കയ്ക്ക് പിന്തുണയുമായി സൗദി
|റിയാദ്: ഇറാന്റെ ആണവായുധ ശേഖരണ ശ്രമങ്ങള്‍ തടയാനുള്ള യുഎസ് ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സൗദി രംഗത്ത്. യെമനില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ക്കെതിരെ തങ്ങളെ പിന്തുണച്ചതിനുള്ള നന്ദിയായാണ് അമേരിക്കയ്ക്ക് സൗദിയും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
റിയാദിലെ യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് സൗദി സര്‍ക്കാരിന്റെ പ്രഖ്യാപനം. സൗദിയുടെ പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും രാജ്യത്തെ പിന്തുണയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കാബിനറ്റ് അംഗങ്ങള്‍ പ്രശംസിച്ചു.
ഇറാന്റെ ത്വരിതഗതിയിലുള്ള ആണവ മുന്നേറ്റങ്ങളെക്കുറിച്ചുള്ള പാശ്ചാത്യ ഭയം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇറാനുമായി പുതിയ ആണവ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിയന്നയില്‍ നടക്കുകയാണ്. അടുത്തിടെ അബഹ വിമാനത്താവളത്തില്‍ സിവിലിയന്‍മാരെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണത്തെ അപലപിച്ച രാജ്യങ്ങളേയും സംഘടനകളേയും കാബിനറ്റ് അഭിനന്ദിച്ചതായി ആക്ടിങ് മീഡിയ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി പറഞ്ഞു. ശനിയാഴ്ച ഹൂതികല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് സൗദികളടക്കം 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.