Saudi Arabia
ജി.സി.സി രാജ്യങ്ങളുടെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാൻ അനുവാദമുണ്ടോ?
Saudi Arabia

ജി.സി.സി രാജ്യങ്ങളുടെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാൻ അനുവാദമുണ്ടോ?

Web Desk
|
24 Jan 2023 11:50 AM GMT

സൗദി അറേബ്യ സന്ദർശിക്കുന്ന ഒരാൾക്ക്, സൗദിയിലെ ഡ്രൈവിങ് ലൈസൻസ് ഇല്ലെങ്കിലും യു.എ.ഇയുടെയോ മറ്റു ജി.സി.സി രാജ്യങ്ങളുടെയോ സാധുവായ ഡ്രൈവിങ് ലൈസൻസ് കൈയിലുണ്ടെങ്കിൽ, അയാൾ സൗദിയിലെവിടെയും വാഹനമോടിക്കുന്നതിന് യാതൊരു തടസവുമുണ്ടായിരിക്കില്ല.

കഴിഞ്ഞ നവംബറിൽ സൗദി ട്രാഫിക് ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സേവന പോർട്ടലായ അബ്ഷർ പ്ലാറ്റ്ഫോമിൽ ഇതുമായി ബന്ധപ്പെട്ട പുതിയ സേവനം ആരംഭിച്ചിരുന്നു.

ഇതു പ്രകാരം, ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്കെല്ലാം ആ രാജ്യം നൽകുന്ന ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് ഓടിക്കാവുന്നതാണ്. സൗദിയിൽ കാർ വാടകയ്ക്ക് നൽകുന്ന കമ്പനികൾക്ക് ഇതിനായി പ്രത്യേക നിർദ്ദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

ഇത്തരത്തിൽ ഒരാൾ കാർ വാടകയ്ക്കെടുക്കുകയാണെങ്കിൽ അയാൾ ചില രേഖകൾ കാർ ഏജൻസിയിൽ സമർപ്പിക്കേണ്ടതുണ്ട്. യു.എ.ഇ റെസിഡന്റാണെങ്കിൽ ഒറിജിനൽ എമിറേറ്റ്‌സ് ഐഡി, മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരാണെങ്കിൽ അവിടെ ഇഷ്യൂ ചെയ്ത അവരുടെ ഐ.ഡി കാർഡ്, ജി.സി.സി രാജ്യങ്ങളിൽനിന്ന്ു സ്വന്തമാക്കിയ യഥാർത്ഥ ഡ്രൈവിങ് ലൈസൻസ്, സൗദിയിലേക്കെടുത്ത വിസയുടെ ഒരു ഫോട്ടോ കോപ്പി, പേയ്‌മെന്റ് നടപടികൾക്കായി ക്രെഡിറ്റ് കാർഡ് എന്നിവയാണ് കാർ വാടകയ്‌ക്കെടുക്കുന്നവർ ഏജൻസിയിൽ സമർപ്പിക്കേണ്ടത്.

സൗദി ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 42 പ്രകാരം, രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് മാത്രമാണ് ഇത്തരം ലൈസൻസുകൾ സൗദിയിൽ ഉപയോഗിക്കാൻ സാധിക്കുക. പ്രസ്തുത ലൈസൻസ് കാലവധി ഈ ഒരു വർഷത്തിനുള്ളിൽ തീരുകയാണെങ്കിൽ ഈ കാലാവധിവരെ മാത്രമേ അയാൾക്ക് സൗദിയിൽ വാഹനമോടിക്കാൻ അനുവാദമുണ്ടാവുകയൊള്ളു.

Similar Posts