റമദാനെ സ്വാഗതം ചെയ്ത് റിയാദിൽ ഇസ്ലാഹി സെന്റർ കോഡിനേഷൻ കമ്മിറ്റി സമ്മേളനം നടത്തി
|വിശ്വാസം ശുദ്ധീകരിച്ച് ഉദാത്ത സംസ്കാരത്തിന് ഉടമകളാകാൻ വിശ്വാസികൾ പരിശ്രമിക്കണമെന്ന് ഇസ്ലാമിക പണ്ഡിതനായ ഹുസൈൻ സലഫി അഭിപ്രായപ്പെട്ടു. ഇസ്ലാം ധർമ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച അഹ്ലൻ റമദാൻ പരിപാടിയിൽ സംസാരിക്കുകയാരുന്നു അദ്ദേഹം. ഖുർആൻ ലേണിങ് കോഴ്സ് ജേതാക്കൾക്കുള്ള സമ്മാനങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.
അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും വിശ്വാസത്തെ മലീമസമാക്കിയതായി ഹുസൈൻ സലഫി പറഞ്ഞു. അതിനെതിരെ ബോധപൂർവ്വമായ പരിശ്രമങ്ങൾ ഉണ്ടായെങ്കിൽ മാത്രമേ നിർമലമായ വിശ്വാസം നേടിയെടുക്കാനും അത് നിലനിർത്താനും സാധിക്കുകയുളൂ.
പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തെ നന്മകൾകൊണ്ട് സമ്പന്നമാക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ദാറുൽ അർഖം അൽ ഹിന്ദ് പ്രിൻസിപ്പൽ അബ്ദുലത്തീഫ് സുല്ലമി മാറഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഖുർആൻ-ഹദീസ് ലേർണിങ് കോഴ്സിന്റെ ഒൻപതാം ഘട്ടത്തിൽ റാങ്ക് നേടിയ റിയാദിൽ നിന്നുള്ള പഠിതാക്കളായ അമീൻ ബിസ്മി, നസീം എന്നിവരുൾപ്പെടെ റാങ്ക് ജേതാക്കൾക്ക് ഉപഹാരങ്ങൾ കൈമാറി.
വിസ്ഡം സ്റ്റുഡന്റസ് കേരള പ്രസിഡണ്ട് അർഷദ് അൽ ഹികമി, നൂറുദ്ദീൻ സ്വലാഹി, അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കല്ല് തുടങ്ങിയവർ സംസാരിച്ചു. വിവിധ ഖുർആൻ സംഗമങ്ങളും സമ്മാന വിതരണവും സമ്മേളനത്തിൽ പൂർത്തിയാക്കി.