ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി സൈനികത്താവളമാക്കി ഇസ്രായേൽ
|വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി 2015ലാണ് പ്രവർത്തനമാരംഭിച്ചത്.
ഗസ്സ: ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി സൈനികത്താവളമാക്കി ഇസ്രായേൽ. ഒക്ടോബർ ഏഴിന് ആക്രമണം തുടങ്ങിയത് മുതൽ ഇസ്രായേൽ സൈന്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്ന ഇന്തോനേഷ്യൻ ആശുപത്രി. തുടർച്ചയായ ആക്രമണത്തിൽ ആശുപത്രി കെട്ടിടത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങൾ പൂർണമായി ഇസ്രായേൽ സൈന്യം തകർത്തെന്ന് മെഡിക്കൽ എമർജൻസി റെസ്‌ക്യൂ കമ്മിറ്റി ചെയർമാൻ സർബിനി മുറാദിനെ ഉദ്ധരിച്ച് 'അറബ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.
കെട്ടിടത്തിൽനിന്ന് ഇസ്രായേൽ സൈന്യം പിൻമാറണമെന്നും ആശുപത്രിയുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കണമെന്നും മുറാദ് ആവശ്യപ്പെട്ടു. ആശുപത്രി ആക്രമിച്ച് സൈനികത്താവളമാക്കുന്നത് ജനീവ കൺവെൻഷന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി 2015ലാണ് പ്രവർത്തനമാരംഭിച്ചത്. ഇന്തോനേഷ്യയിലെ ജനങ്ങൾ നൽകുന്ന സംഭാവനകൊണ്ടാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ജബാലിയ അഭയാർഥി ക്യാമ്പിന് സമീപത്തുള്ള നാല് നില കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 20,000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 52,000ൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. 20 ലക്ഷത്തോളം ആളുകളാണ് ഗസ്സയിൽ ഭവനരഹിതരായത്.