ഇസ്രായേൽ ആക്രമണം കനത്തു; യോഗം വിളിച്ച് ഒ.ഐ.സി.യും അറബ് ലീഗും
|ഇടവേളയില്ലാതെ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നതിനിടെയാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ മന്ത്രിതല യോഗംവിളിച്ചത്
റിയാദ്: ഇസ്രായേൽ ആക്രമണം കനത്തതോടെ അടിയന്തര യോഗം വിളിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. നാളെ അറബ് ലീഗും ഈജിപ്തിലെ കെയ്റോയിൽ യോഗം വിളിച്ചിട്ടുണ്ട്. ഇസ്രായേൽ ഉപരോധം ശക്തമാക്കിയതും ഗസ്സയിലേക്കുള്ള കരയുദ്ധവും യോഗങ്ങൾ ചർച്ച ചെയ്യും. ഫലസ്തീന് പിന്തുണയുമായി സൗദിയും രംഗത്തുണ്ട്.
യു.എസ് പടക്കപ്പൽ ഇസ്രായേലിൽ എത്തുന്നതിനെതിരെ തുർക്കി രംഗത്തെത്തി. ഗസ്സയിലേക്കുള്ള വെള്ളം ഭക്ഷണം വൈദ്യുതി എന്നിവ ഇസ്രായേൽ ഉപരോധിച്ചിട്ടുണ്ട്. ഇതുവരെ കൊല്ലപ്പെട്ട എഴുന്നൂറിലേറെ സാധാരണക്കാരിൽ 150ലധികം പേരും കുഞ്ഞുങ്ങളാണ്.
ഇടവേളയില്ലാതെ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നതിനിടെയാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ മന്ത്രിതല യോഗംവിളിച്ചത്. ജിദ്ദ ആസ്ഥാനമായ ഒ.ഐ.സിയിൽ 57 രാജ്യങ്ങൾ അംഗങ്ങളാണ്. പ്രശ്നപരിഹാരത്തിന് നീക്കം നടത്തുകയാണ് ലക്ഷ്യമെന്ന് ഒ.ഐ.സി പറയുന്നു. ഇരുപതിലേറെ അറബ് രാജ്യങ്ങളുൾപ്പെടുന്ന അറബ് ലീഗും വിഷയത്തിൽ യോഗം വിളിച്ചിട്ടുണ്ട്.
ഇസ്രയേൽ തന്നെയാണ് നിലവിലെ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് അറബ് ലീഗും ഒ.ഐ.സിയും കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെ സൗദി ഫലസ്തീന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഫലസ്തീൻ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്, സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ചു. നിലവിലെ സാഹചര്യം ഇരുവരും ചർച്ച ചെയ്തു.
സംഘർഷം രൂക്ഷമാകാതിരിക്കാനും കൂട്ടക്കുരുതി ഒഴിവാക്കാനും പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നതായി സൗദി പ്രധാനമന്ത്രി കൂടിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഫലസ്തീൻ പ്രസിഡണ്ടിനെ അറിയിച്ചു. ഫലസ്തീനൊപ്പം ഉറച്ചു നിൽക്കുന്നതായി ആവർത്തിച്ച സൗദി അറേബ്യ, അവകാശങ്ങളും നീതിയും ലഭ്യമാകുന്നതുവരെ ഒപ്പമുണ്ടാകുമെന്നും മഹ്മൂദ് അബ്ബാസിനെ അറിയിച്ചു. സൗദിയുടെ പിന്തുണക്ക് ഫലസ്തീൻ പ്രസിഡണ്ട് നന്ദി പറഞ്ഞു.