ജെബിസി അൽ നാദി ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
|ജുബൈൽ ബാഡ്മിന്റൺ ക്ലബും ഫനാതീർ ആസ്ഥാനമായ അൽ നാദി സ്പോർട്സ് ക്ലബും സംയുക്ത ആഭിമുഖ്യത്തിൽ മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
നവംബർ 23,24,25 തീയതികളിൽ ഇരു ക്ലബ്ബുകളിലെയും ആറോളം കോർട്ടുകളിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ജുബൈൽ റോയൽ കമ്മീഷൻ സിഇഒ ഡോ. അഹമ്മദ് ബിൻ സയ്ദ് അൽ ഹുസൈൻ ഉദ്ഘാടനം നിർവഹിക്കും.
സൂപ്പർ പ്രീമിയർ, പ്രീമിയർ, മാസ്റ്റേഴ്സ് വെറ്ററൻസ്, ലേഡീസ് ഡബിൾസ്, മിക്സഡ് ഡബിൾസ്, ജൂനിയേഴ്സ് (ബോയ്സ് & ഗേൾസ്) എന്നീ വിഭാഗങ്ങളിലായി സൗദിയിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 400 ഓളം കളിക്കാർ പങ്കെടുക്കും.
സൗദി, യുഎഇ, ഖത്തർ , ഇന്ത്യ , ഇന്തോനേഷ്യ , ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൂപ്പർ പ്രീമിയർ മത്സരം ടൂർണമെന്റിന്റെ മുഖ്യ ആകർഷണമാണ്.
ജൂനിയർ വിഭാഗത്തിൽ സൗദി ക്ലബ്ബുകളിൽ നിന്നും നൂറോളം തദ്ദേശീയരായ വിദ്യാർഥികൾ മത്സരിക്കുന്നതും ടൂർണമെന്റിന്റെ പ്രത്യേകതയാണ്.
നവംബർ 26 ന് രാത്രി 9 ന് നടക്കുന്ന സമാപന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും.
ജെബിസി പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ തിലകൻ, സെക്രട്ടറിമാരായ സനീഷ് ജോയ് , ഷിബു ശിവദാസൻ ക്ലബ് പ്രതിനിധികളായ അജ്മൽ താഹ, മനോജ് ചാക്കോ, സാറ്റ്കോ ഷബീർ എന്നിവർക്കൊപ്പം മുഖ്യ സ്പോണ്സർമാരുടെ പ്രതിനിധികളും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. ജെബിസി യുടെ കമ്മറ്റി അംഗങ്ങളായ ഷിജു , ഷാജി, വേണു, ഷബീർ എന്നിവരും പങ്കെടുത്തു.