കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നതിൽ റെക്കോർഡിട്ട് ജിദ്ദ തുറമുഖം
|ജൂലൈ മാസത്തിൽ അഞ്ച് ലക്ഷത്തോളം കണ്ടെയ്നറുകളാണ് ജിദ്ദ തുറമുഖത്ത് കൈകാര്യം ചെയ്തത്
ജിദ്ദ: കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നതിൽ റെക്കോർഡിട്ട് ജിദ്ദ തുറമുഖം. ജൂലൈ മാസത്തിൽ അഞ്ച് ലക്ഷത്തോളം കണ്ടെയ്നറുകളാണ് ജിദ്ദ തുറമുഖത്ത് കൈകാര്യം ചെയ്തത്. വിഷൻ 2030ന്റെ ഭാഗമായി ലോജിസ്റ്റിക്ല് രംഗത്തെ വളർച്ച സൗദിയുടെ പ്രധാന വരുമാന മാർഗമാക്കുകയാണ് ലക്ഷ്യം.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണം കണ്ടെയ്നറുകളാണ് ജിദ്ദ തുറമുഖത്ത് കഴിഞ്ഞ മാസം കൈകാര്യം ചെയ്തത്. ഒറ്റ മാസം കൊണ്ട് 4,91,000 ത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ സാധിച്ചതിലൂടെ ജിദ്ദ തുറമുഖം ചരിത്ര നേട്ടം കൈവരിച്ചു. തുറമുഖത്തിന്റെ അടിസ്ഥാന സൌകര്യങ്ങൾ വർധിപ്പിക്കാനായി മവാനി നടത്തി വരുന്ന വിവിധ വികസന പദ്ധതികളുടെ വിജയംകൂടിയാണിത്.
ജിദ്ദ തുറമുഖത്തിന്റെ വിവിധ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് നിരവധി പദ്ധതികളാണ് മവാനി നടപ്പിലാക്കി വരുന്നത്. 184 ദശലക്ഷം റിയാൽ മുടക്കിൽ സമീപന ചാനലുകൾ, സർക്കുലേഷൻ ബേസിൻ, കടൽ പാതകൾ, തെക്കൻ സ്റ്റേഷൻ ബേസിൻ തുടങ്ങി വിവിധ പദ്ധതികൾ ജിദ്ദ തുറമുഖത്തിന്റെ മുഖം മാറ്റത്തിന് കാരണമാകുന്നു. കൂടാതെ ഭീമൻ കണ്ടെയ്നർ കപ്പലുകൾക്ക് വരാനും പുറപ്പെടാനുമുള്ള സൌകര്യങ്ങൾ വർധിപ്പിക്കുന്നതും തുറമുഖത്തിന്റെ പ്രധാന വികസ പ്രവർത്തനങ്ങളിൽപ്പെട്ടതാണ്.
മിഡിലീസ്റ്റിലെ തന്നെ പ്രധാന ലോജിസ്റ്റിക് പ്ലാറ്റ്ഫോം എന്ന നിലയിൽ ജിദ്ദ തുറമുഖത്തിന്റെ സ്ഥാനം ഉയർത്താനും വിവിധ വലുപ്പത്തിലുള്ള കപ്പലുകളും ചരക്കുകളും സ്വീകരിക്കാനും സാധിക്കുന്നതിലൂടെ പ്രാദേശികമായും ആഗോളാടിസ്ഥാനത്തിലും ജിദ്ദ തുറമുഖത്തിന്റെ പ്രാധാന്യം വർധിപ്പിക്കും. 2030 ഓടെ ലോജിസ്റ്റിക്ക് മേഖലയെ രാജ്യത്തിന്റെ പ്രധാന വരുമാന മാർഗമാക്കുന്നതിന്റെ ഭാഗമായാണിത്.