സൗദിയിൽ കൂടുതൽ പൊടിക്കാറ്റും മഴയും ലഭിക്കുന്നത് ജിസാനിൽ
|മക്ക പ്രവിശ്യയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്
സൗദിയിൽ 37 വർഷത്തിനിടെ സെപ്തംബർ മാസത്തിൽ ഏറ്റവും കൂടുതൽ പൊടിക്കാറ്റും മഴയും ലഭിച്ചത് ജിസാനിലെന്ന് കാലാവസ്ഥ കേന്ദ്രം. മക്ക പ്രവിശ്യയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. തബൂക്കിലെ അൽ വജ്ഹിലാണ് കൂടുതൽ മുടൽ മഞ്ഞ് ഉണ്ടാകുന്നതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥ കേന്ദ്രത്തിൽ നിന്നുള്ള സ്ഥിതി വിവര കണക്കുകൾ പ്രകാരം 1985 മുതൽ കഴിഞ്ഞ വർഷം വരെയുള്ള 37 വർഷത്തെ സെപ്തംബർ മാസങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടായത് ജിസാനിലാണ്. എന്നാൽ ഈ കാലയളവിൽ മക്ക പ്രവിശ്യയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ജിസാനിൽ തന്നെയാണ് ഏറ്റവും കൂടുതൽ ദിവസങ്ങളിൽ മഴ ലഭിച്ചതും.
മഴ ഏറ്റവും കൂടുതലായി ലഭിച്ച പ്രദേശങ്ങളുടെ പട്ടികയിൽ തായിഫ് രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കൂടുതൽ ദിവസങ്ങളിൽ മൂടൽ മഞ്ഞ് ഉണ്ടായത് തബൂക്ക് പ്രവിശ്യയിലെ അൽ വജ്ഹിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. യാമ്പുവാണ് മുടുൽ മഞ്ഞ് ഉണ്ടായ പ്രദേശങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മക്കയും ഖൈസുമയുമാണ് സാധാരണയായി താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.. 2017 സെപ്തംബർ 13ന് മക്കയിൽ 49.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതാണ് ഈ കാലയളവിലെ ഏറ്റവും ഉയർന്ന താപനില. അതേ സമയം 1985 സെപ്തംബർ 26ന് ഖമീസ ്മുഷൈത്തിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.