ചെങ്കടൽ തീരം വഴിയുള്ള യാത്ര; പിൻവാങ്ങിയ ഷിപ്പിങ് കമ്പനികളുടെ എണ്ണം പന്ത്രണ്ടായി
|ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കാതെ അവിടേക്കുളള കപ്പലുകൾക്ക് നേരെയുളള ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഹൂതികളുടെ നിലപാട്.
റിയാദ്: ചെങ്കടൽ തീരം വഴിയുള്ള യാത്രയിൽ നിന്നും പിൻവാങ്ങിയ ഷിപ്പിങ് കമ്പനികളുടെ എണ്ണം പന്ത്രണ്ടായി. കോവിഡ് കാലത്തേതിന് സമാനമായ നിരക്കിലേക്ക് കണ്ടെയ്നർ സർവീസുകളുടെ നിരക്കും എത്തുകയാണ്. ഇതോടെ ഇസ്രയേലിലും ഈജിപ്തിലും യൂറോപ്പിലും സാമ്പത്തിക രംഗത്ത് ഇത് ശക്തമായി പ്രതിഫലിക്കും
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി ചെങ്കടൽ തീരത്തു കൂടെയായിരുന്നു. ഇസ്രയേലിലേക്ക് പോകുന്ന കപ്പലുകളെ ഹൂതികൾ ആക്രമിച്ചതോടെയാണ് പിന്മാറ്റം. ഇതിനകം പന്ത്രണ്ട് ഷിപ്പിങ് ലൈൻ റൂട്ട് മാറ്റിയിട്ടുണ്ട്. ആഫ്രിക്കവഴി കറങ്ങിയാണ് നിലവിൽ യാത്ര. ഇതോടെ കണ്ടെയ്നറുകളുടെ ചാർജിൽ 800 $ വർധന വന്നു. ഇതിന് പുറമെ വാർ റിസ്ക് ചാർജും ഭീമമായ ഇൻഷൂറൻസും വേറെയുമുണ്ട്.
നിരക്ക് വർധനയും കാലതാമസവും ഒന്നിച്ച് വന്നതോടെ സ്ഥിതി ഗുരുതരമാവും. ഇത് ഗുരുതരമായി ബാധിച്ചത് ഇസ്രയേലിനേയാണ്. ഏലിയാത്ത് തുറമുഖം ദുരന്ത അവസ്ഥയിൽ എത്തിക്കഴിഞ്ഞു. തുറമുഖ പ്രവർത്തനം 87% കുറഞ്ഞതായി സി.ഇ.ഒ തന്നെ പറയുന്നു.
സൂയസ് കനാലാണ് ഈജിപ്തിന്റെ വരുമാനത്തിന്റെ പ്രധാന മാർഗം. അത് നിലച്ചാൽ സാമ്പത്തിക പ്രതിസന്ധി അവർക്ക് ഉറപ്പാണ്. വൻതുക ഇൻഷൂറൻസും വാർ റിസ്ക് ചാർജും നൽകി സൂയസ് വഴി പോകാൻ ഷിപ്പിങ് കമ്പനികൾ മടികാണിക്കുന്നതാണ് സ്ഥിതി.
പുതിയ സാഹചര്യത്തോടെ സാധനങ്ങൾക്ക് വിലയേറും ഇത് യൂറോപ്പിനേയും അമേരിക്കയേയും ആദ്യം നേരിട്ട് ബാധിക്കും. ആഗോള വിപണിയിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കാതെ അവിടേക്കുളള കപ്പലുകൾക്ക് നേരെയുളള ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഹൂതികളുടെ നിലപാട്.