Saudi Arabia
Crown Prince
Saudi Arabia

സൗദിയുടെ സ്വപ്നത്തിലേക്കുള്ള യാത്ര; കിരീടാവകാശിയുടെ അഭിമുഖം ആഘോഷമാക്കി സോഷ്യൽ മീഡിയ

Web Desk
|
21 Sep 2023 2:33 AM GMT

അണുവായുധം ഉപയോഗിക്കാനാകില്ലെന്നും മറ്റൊരു ഹിരോഷിമ ആരും ആഗ്രഹിക്കുന്നില്ലെന്നും കിരീടാവകാശി

സൗദിയിലേക്ക് സ്പോർട്സ് താരങ്ങൾ വരുന്നതിനെ സ്പോർട്സ് വാഷിങെന്ന് വിളിച്ചാലും തനിക്കൊരു പ്രശ്നവുമില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. രാജ്യത്തെ സമ്പദ്ഘടന ലോകത്തിലെ കരുത്തുറ്റ ഒന്നാക്കാനാണ് ശ്രമം. ലോകത്തിൽ അതിവേഗത്തിൽ വളരുന്ന രാജ്യമായി സൗദി മാറുകയാണ്. മേഖലയിൽ എല്ലാവരുമായും ബന്ധം പുനസ്ഥാപിക്കുന്നത് അതിനാണ്. സൗദിയിലെ നിയമങ്ങളെല്ലാം മാറിക്കൊണ്ടിരിക്കുയാണെന്നും കിരീടാവകാശി പറഞ്ഞു.

2019ന് ശേഷം ഒരു യുഎസ് ചാനലിനുള്ള ആദ്യ ഇംഗ്ലീഷ് ഇന്റർവ്യൂവിലാണ് കിരീടവകാശിയുടെ വെളിപ്പെടുത്തലുകൾ. എല്ലാ മേഖലകളേയും സ്പർശിച്ചായിരുന്നു സമഗ്രമായ അഭിമുഖം. അണുവായുധം സ്വന്തമാക്കാനുള്ള രാജ്യങ്ങളുടെ ശ്രമത്തെകുറിച്ചും പരാമർശമുണ്ടായി. അണുവായുധം ഉപയോഗിക്കാനാകില്ലെന്നും മറ്റൊരു ഹിരോഷിമ ആരും ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു കിരിടാവകാശിയുടെ മറുപടി.

എന്നാൽ ഇറാനത് സ്വന്തമാക്കിയാലോ എന്ന് ചോദ്യത്തിന് സുരക്ഷയുടെ ഭാഗമായി ഞങ്ങൾക്കും അതു വേണ്ടിവരും എന്നായിരുന്നു മറുപടി. ഇന്ത്യ, മിഡിലീസ്റ്റ് , യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന കോറിഡോർ സംബന്ധിച്ച കരാറിനെക്കുറിച്ച് സൗദിയുടെ ലോജിസ്റ്റിക്സ് മേഖലയെ തന്നെ മാറ്റിമറിക്കുമെന്നും അദ്ദേഹം മറുപടി നൽകി.

ഇറാനുമായി ബന്ധം പുനസ്ഥാപിച്ചതിന് പിന്നിലെ രാഷ്ട്രീയവും കിരീടാവകാശി പറഞ്ഞു. മേഖലയിലെ സുരക്ഷ എല്ലാവരുടേയും സാമ്പത്തിക രംഗത്തിന് ഗുണം ചെയ്യും. ഇറാഖുമായും സൗദി നേരത്തെ ഇതിനാലാണ് ബന്ധം പുനസ്ഥാപിച്ചത്. മേഖലയുടെ മാറ്റം അനിവാര്യമാണ്. യമൻ, ഇറാഖ്, ഇറാൻ, ലെബനോൻ ഉൾപ്പെടെ എല്ലായിടത്തും അത് വേണം. അവിടെ മെച്ചപ്പെട്ട ജീവിതം വേണം. ജീവിതം തകിടം മറിയുന്നിടത്താണ് അസ്ഥിതയും ഭീകരതയും തലപൊക്കുന്നത്.

പ്രശ്നങ്ങളില്ലാത്ത ഒരു മേഖലയുണ്ടാകാൻ മേഖലയിലാകെ വികസനം വേണം. യമനിൽ പ്രശ്നം കാണേണ്ടതില്ല. ഇറാഖും, ഇറാനും, ലെബനോനുമെല്ലാം മുന്നോട്ട് പോവുകയാണ്. എല്ലാവരുമായും അതിന് സഹകരിക്കുന്നു. അത് നേട്ടമുണ്ടാക്കും. അല്ലെങ്കിൽ ഐസിസും അൽഖാഇദയും വരും. കൊള്ളയും നടക്കും. അതുകൊണ്ട് അവസരങ്ങളെയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗദിയുടെ സമ്പദ്ഘടന മാറുകയാണ്. അതിന് സൗദിയിലെ എല്ലാ മേഖലയിലും നിക്ഷേപാവസരം നൽകണം. ടൂറിസം അതിന്റെ ഭാഗമാണ്. വൻകിട പദ്ധതികൾ പൂർത്തിയാകുന്നതിന് മുന്നേ തന്നെ സന്ദർശകരുടെ ഒഴുക്ക് പ്രകടമാണ്. അത് ജിഡിപി വർധിപ്പിച്ചു

ടൂറിസം വേണമെങ്കിൽ സാംസ്കാരിക വിനോദ കായിക മേഖല മാറണം. നേരത്തെ സൗദിയുടെ ഈ മേഖലയിലെ ജിഡിപി ഷെയർ 3 ശതമാനമായിരുന്നു. ഇന്നത് 7 ശതമാനമാണ്. സൗദിയിലെ മനുഷ്യാവകാശ പ്രശ്നങ്ങളൊക്കെ മറച്ചു പിടിക്കാനുള്ള സ്പോർട്സ് വാഷിങിന്റെ ഭാഗമായാണ് ലോകോത്തര താരങ്ങളെ സൗദിയിലെത്തിച്ചത് എന്ന് പറയുന്നുണ്ടല്ലോ എന്ന് ചോദ്യത്തിന്, 'സ്പോർട്സ് വാഷിങി'ന് എന്റെ രാജ്യത്തിന്റെ ജിഡിപി 1 ശതമാനം കൂട്ടുമെങ്കിൽ 'സ്പോർട്സ് വാഷിങ്' ചെയ്യും. അത് എനിക്ക് വിഷയമേയല്ല. അതിനെ നിങ്ങളെന്ത് വേണമെങ്കിലും വിളിച്ചോളൂ എന്നായിരുന്നു മറുപടി.

വിവിധ മന്ത്രിമാരുടെ അഭിമുഖവും ഫോക്സ് ന്യൂസ് പുറത്ത് വിട്ടിരുന്നു. സൗദി കിരീടാവകാശി ഓരോ മന്ത്രാലയത്തേയും നിരീക്ഷിക്കുന്നതും ടാർഗറ്റുകൾ നിശ്ചിത സമയത്തിനകം നടപ്പാക്കി എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതായി മന്ത്രിമാർ വെളിപ്പെടുത്തി.

പ്രധാനപ്പെട്ട ചോദ്യങ്ങളുടെ ഉത്തരങ്ങളെല്ലാം സൗദികൾ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിട്ടുണ്ട്. സ്വന്തം രാജ്യത്തെക്കുറിച്ച് ഏറ്റവും മികച്ച സ്വപ്നം കാണുന്ന ഒരു രാജകുമാരനെയാണ് കഴിഞ്ഞ ദിവസം രാത്രി ലോകം കണ്ടത്. വിവാദങ്ങളെന്തൊക്കെയയാലും സൗദി കിരീടാവകാശിയുടെ ഉള്ളിലെ സ്വപ്നങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഇന്റർവ്യൂ നടത്തിയ ബ്രറ്റ്ബയർ തന്നെ അഭിമുഖത്തിന് ശേഷം ചാനലിൽ പറഞ്ഞത്.

Similar Posts