'മീഡിയാവണ്‍ വിലക്ക് റദ്ദാക്കിയ നടപടി ആശ്വാസകരം'; ആഹ്ലാദം പങ്കിട്ട് ജുബൈലിലെ പൗരപ്രമുഖർ
|"മീഡിയ വണ്‍ നിരോധത്തെ നീക്കം ചെയ്ത സുപ്രീംകോടതി വിധി ഫാഷിസ്റ്റ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്"
മീഡിയാവണ്‍ ചാനലിന്റെ നിരോധനം പിന്‍വലിച്ച സുപ്രീം കോടതി വിധിയില്‍ സന്തോഷം പങ്കിട്ട് സൗദി ജുബൈലിലെ പൗരപ്രമുഖരും. കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധി ജനാധിപത്യ ഇന്ത്യക്കു ഏറെ ആശ്വാസം പകരുന്നതാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ജുബൈലിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മത സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. മീഡിയ വണ്‍ നിരോധത്തെ നീക്കം ചെയ്ത സുപ്രീംകോടതി വിധി ഫാഷിസ്റ്റ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നവരെ രാജ്യവിരുദ്ധരാക്കുന്നതും രാജ്യരക്ഷയുടെ മറവില്‍ പൗരാവാകാശം നിഷേധിക്കുന്നതും ഭരണഘടന വിരുദ്ധമാണെന്ന് ഈ വിധി അടിവരയിടുന്നതായി പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്റെ സന്ദേശം യോഗതില്‍ പ്രദര്‍ശിപ്പിച്ചു.
വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു. മീഡിയ വണ്‍, ഗള്‍ഫ് മാധ്യമം കോഓര്‍ഡിനേഷന്‍ കമ്മറ്റി ജുബൈല്‍ രക്ഷാധികാരി നാസ്സര്‍ ഓച്ചിറ അധ്യക്ഷത വഹിച്ചു. സാബു മേലതില്‍, അബ്ദുല്ല സഈദ്, ശിഹാബ് പെരുമ്പാവൂര്‍, കരീം ആലുവ, നിയാസ് എന്നിവര്‍ നേതൃത്വം നല്കി.