കഠിന ചൂട്: മക്ക-മദീന ഹറമുകളിൽ 15 മിനുട്ടിനകം ജുമുഅ അവസാനിപ്പിക്കും
|തിരക്ക് കാരണം ജുമുഅ നമസ്‌കാരത്തിനെത്തുന്ന പലരും പുറത്ത് നിന്നാണ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത്
മക്ക: മക്കയിലേയും മദീനയിലേയും ഹറമുകളിൽ ജുമുഅ നമസ്‌കാരത്തിന്റെ ദൈർഘ്യം 15 മിനിറ്റാക്കി ചുരുക്കി. ചൂട് കഠിനമായതിനെ തുടർന്നാണ് നടപടി. വേനൽകാലം അവസാനിക്കുന്നത് വരെ പുതിയ ക്രമീകരണം തുടരും. ഹജ്ജിന് ശേഷം ഹാജിമാരിൽ പലരും മദീന സന്ദർശിക്കുകയാണ്. മദീന സന്ദർശനത്തിന് ശേഷം മക്കയിലത്തിയവർ നാട്ടിലേക്ക് മടങ്ങുന്നത് വരെ മക്കയിൽ തുടരും. അതിനാൽ ശക്തമായ തിരക്കാണ് ഇരു ഹറമുകളിലും അനുഭവപ്പെടുന്നത്. കൂടാതെ കഠിന ചൂട് വിശ്വാസികളുടെ ആരോഗ്യത്തെയും ബാധിക്കുന്നു.
മിക്ക ദിവസങ്ങളിലും രാവിലെ 11 മുതൽ വൈകുന്നേരം നാല് മണിവരെ ശക്തമായ ചൂടാണ് ഇരു നഗരങ്ങളിലും. ഹറം പള്ളികളിലെ തിരക്ക് കാരണം ജുമുഅ നമസ്‌കാരത്തിനെത്തുന്ന വിശ്വാസികളിൽ പലരും പുറത്ത് നിന്നാണ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് ജുമുഅയുടെ ദൈർഘ്യം കുറക്കാൻ സൗദി രാജാവിന്റെ നിർദേശം.
നേരത്തെ അര മണിക്കൂർ മുതൽ 45 മിനുട്ട് വരെ എടുത്തിരുന്ന ജുമുഅ ഖുതുബ ഇനി 10 മിനുട്ടിനകം അവസാനിപ്പിക്കും. തുടർന്നുളള നമസ്‌കാരവും പരമാവധി അഞ്ച് മിനുട്ടിനുള്ളിൽ തീർക്കും. കൂടാതെ ജുമുഅയുടെ ആദ്യ ബാങ്ക് വൈകിപ്പിക്കാനും രണ്ടാം ബാങ്കിനും ആദ്യ ബാങ്കിനും ഇടയിലുള്ള ഇടവേള 10 മിനുട്ടാക്കി കുറക്കാനും നിർദേശമുണ്ട്. വേനൽ കാലം അവസാനിക്കുന്നത് വരെ ഈ രീതി തുടരുമെന്ന് ഇരു ഹറം കാര്യാലയം മതകാര്യ മേധാവി ഷെയ്ഖ് അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് അറിയിച്ചു. വിശ്വാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെയും കർമങ്ങൾ എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ ക്രമീകരണം.