പ്രവാസികൾക്കിടയിലെ വായനാശീലം തിരിച്ചു പിടിക്കാൻ ലൈബ്രറിയുമായി കേളി മലാസ് ഏരിയ
|സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന ലൈബ്രറി കൗൺസിൽ മലപ്പുറം ജില്ലാ പ്രസിഡന്റുമായ എ ശിവദാസൻ ലൈബ്രറി ഉദ്ഘാടനം ചെയ്തു
റിയാദ് : അന്യം നിന്നു പോകുന്ന വായനാ സംസ്‌കാരത്തെ തിരിച്ചു പിടിക്കാൻ ഏരിയ ലൈബ്രറിയുമായി കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ. സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന ലൈബ്രറി കൗൺസിൽ മലപ്പുറം ജില്ലാ പ്രസിഡന്റുമായ എ ശിവദാസൻ ലൈബ്രറി ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തിന് അറിവ് ലഭിക്കുന്ന രീതിയിൽ പുസ്തകങ്ങൾ ആളുകളിലേക്ക് എത്തിക്കുവാൻ കഴിയുമ്പോഴാണ് ലൈബ്രറി എന്ന മഹത്തരമായ ആശയം പൂർണ്ണതയിലെത്തുകയെന്ന് ദീർഘകാലത്തെ വയാനാനുഭവം സാക്ഷ്യപ്പെടുത്തുന്നുവെന്നും കേളിക്കും മലാസ് ഏരിയക്കും ഏറ്റവും നല്ല രൂപത്തിൽ ഈ ആശയം പ്രാവർത്തികമാക്കാൻ കഴിയട്ടെ എന്നും ഉദ്ഘാടന വേളയിൽ എ.ശിവദാസൻ അഭിപ്രായപ്പെട്ടു.
ആദ്യ ഘട്ടമായി ആയിരത്തോളം പുസ്തങ്ങൾ കേളി അംഗങ്ങളിൽ നിന്നും ലൈബ്രറിയിലേക്ക് സംഭാവനയായി ലഭിക്കുകയുണ്ടായി. വിവിധ ഏരിയകളിലെ കേളി പ്രവർത്തകരും മലാസ് ഏരിയ ലൈബ്രറിയുടെ ഭാഗമാകുവാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്റ് സമീർ അബ്ദുൽ അസീസ് അധ്യക്ഷനായ യോഗത്തിൽ ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി സ്വാഗതം പറഞ്ഞു. കേളി മുഖ്യ രക്ഷധികാരി കൺവീനർ കെ പി എം സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, മുഖ്യ രക്ഷാധികാരി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ഫിറോഷ് തയ്യിൽ, കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി കമ്മിറ്റി കൺവീനറുമായ സുനിൽകുമാർ, കേളി കേന്ദ്രകമ്മിറ്റി അംഗം മധു പട്ടാമ്പി, ഇമ്പിച്ചിവാവ മെമ്മോറിയൽ ഹോസ്പിറ്റൽ സെക്രട്ടറിയും മുൻ ലൈബ്രേറിയനുമായ ഷുഹൈബ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കേളി മലാസ് ഏരിയ ട്രഷറർ സിംനേഷ്, ഒലയ്യ മേഖല സെക്രട്ടറി ഷമീം മേലേതിൽ, ജോയിന്റ് ട്രഷറർ പി എൻ എം റഫീഖ്, ഏരിയ സെന്റർ കമ്മറ്റി അംഗം റനീസ് കരുനാഗപ്പള്ളി, മറ്റു ഏരിയ കമ്മിറ്റി അംഗങ്ങൾ, രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, വിവിധ യൂണിറ്റുകളിൽ നിന്നുള്ള മെമ്പർമാർ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായി. കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി കമ്മിറ്റി കൺവീനറുമായ സുനിൽകുമാർ എ ശിവദാസന് ആദ്യ പുസ്തകം കൈമാറി. യോഗത്തിന് കേളി മലാസ് ഏരിയ സാംസ്‌കാരിക കമ്മിറ്റി കൺവീനർ ഫൈസൽ കൊണ്ടോട്ടി നന്ദി പറഞ്ഞു.