മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം മക്കയില്‍ എത്തി
|8 ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഹാജിമാര്‍ക്ക് മക്കയില്‍ ഉജ്ജ്വല സ്വികരണം
മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി. ഇന്ത്യൻ ഹജ്ജ് മിഷനും നൂറുകണക്കിന് വരുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് ഹാജിമാരെ മക്കയിൽ ഊഷ്മളമായി സ്വീകരിച്ചു . വൈകുന്നേരം 6 മണിയോടെയാണ് ഹാജിമാര്‍ മക്കയിലെത്തിയത്.
സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ എത്തിയ തീർഥാടകരുടെ ആദ്യ സംഘമാണ് ഇന്ന് മക്കയിലെത്തിയത്. കൊച്ചി വിമാനത്താവളത്തിൽ നിന്നും മദീനയിലെത്തിയ തീർഥാർകർ മദീനയിൽ എട്ട് ദിവസം പൂർത്തിയാക്കിയ ശേഷമാണ് ഇന്ന് മക്കയിലെത്തിച്ചേർന്നത്. തീർഥാടകരെ ഇന്ത്യൻ ഹജ്ജ് മിഷനും മലയാളി സന്നദ്ധ സംഘടനകളും ചേര്‍ന്ന് സ്വീകരിച്ചു.
സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലെത്തിയ കൂടുതൽ തീർഥാടകർ ഇന്ന് മുതൽ മക്കയിലെത്തും. തുടർന്ന് തീർഥാടകർ ഉംറ കർമ്മത്തിനായി ഹറം പള്ളിയിലേക്ക് പുറപ്പെടും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യൻ ഹാജിമാരുടെ സംഘങ്ങള്‍ മദീനയിലെത്തി കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും ഇതുവരെ 17325 തീർഥാടകരാണ് എത്തിയിട്ടുള്ളത്,
മക്കയിലെത്തുന്ന തീർഥാടകർക്ക് അസീസിയയിലാണ് താമസം ഒരുക്കിയിട്ടുള്ളത്. തീർഥാടകർക്ക് ഹറമിലേക്കും താമസ സ്ഥലത്തേക്കും യാത്ര ചെയ്യുന്നതിനുള്ള ബസ് സർവീസുകൾ ആരംഭിച്ചു. 200 ഹാജിമാർക്ക് ഒരു ബസ് എന്ന തോതിലാണ് ബസുകളുടെ ക്രമീകരണം. ബസുകൾ 24 മണിക്കൂറും സർവീസ് നടത്തും. ഇതിനായി ഖാഇദ് കമ്പനിയുടെ പുതിയ മോഡൽ ബസ്സുകളാണ് ഒരുക്കിയിട്ടുള്ളത്.