പുതിയ ഇറാനിയൻ പ്രസിഡന്റിന് സൽമാൻ രാജാവിന്റെ ആശംസാ സന്ദേശം
|ഇരു രാജ്യങ്ങളും സഹോദര രാജ്യങ്ങളാണെന്നും പരസ്പര സഹകരണത്തിലൂടെ സമാധാനവും സുരക്ഷയും വർദ്ധിപ്പിക്കുമെന്നും സന്ദേശത്തിൽ പറയുന്നു
റിയാദ്: പുതുതായി ഇറാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മസൂദ് പെസസ്‌കിയാന് ആശംസ സന്ദേശമയച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വിജയിച്ച പെസസ്‌കിയെ അഭിനന്ദിച്ചു കൊണ്ടായിരുന്നു രാജാവിന്റെ സന്ദേശം. ഇരു രാജ്യങ്ങളും സഹോദര രാജ്യങ്ങളാണെന്നും പരസ്പര സഹകരണത്തിലൂടെ സമാധാനവും സുരക്ഷയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ആശംസ സന്ദേശത്തിൽ വ്യക്തമാക്കി.
പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വിജയിച്ച മസൂദ് പെസസ്‌കിയാനെ അഭിനന്ദിച്ചു കൊണ്ടാണ് സൽമാൻ രാജാവ് സന്ദേശം കൈമാറിയത്. 'താങ്കളുടെ വിജയത്തിൽ ഏറെ സന്തോഷമുണ്ട്. തുടർന്നും താങ്കൾക്ക് വിജയങ്ങളും, നല്ല പ്രവർത്തനങ്ങളും തുടരാൻ കഴിയട്ടെ. നമ്മൾ സഹോദര രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളിലെയും ജനങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സമാധാനവും വർദ്ധിപ്പിക്കുന്നതിന് കഴിയും. ഇതിനായി വേണ്ട നടപടികളും, കൂടിയാലോചനകളും നടത്തേണ്ടതുണ്ട്. പരസ്പര ബന്ധം വർദ്ധിപ്പിക്കാനും, പൊതു താല്പര്യങ്ങൾ സംരക്ഷിക്കാനും താൻ മുൻകയ്യെടുക്കുമെന്നും സന്ദേശത്തിൽ സൽമാൻ രാജാവറിയിച്ചു. പെസസ്‌കിയാനും ഇറാൻ ജനതക്കും ആരോഗ്യവും, സമൃദ്ധിയും ആശംസിച്ചു കൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.