Saudi Arabia
സുരക്ഷ പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങളുൾപ്പെടുത്തി ഉപരിപഠനത്തിന് കെ.എം.സി.സി സ്കോളർഷിപ്പ് നൽകും
Saudi Arabia

സുരക്ഷ പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങളുൾപ്പെടുത്തി ഉപരിപഠനത്തിന് കെ.എം.സി.സി സ്കോളർഷിപ്പ് നൽകും

Web Desk
|
13 Nov 2022 6:28 PM GMT

വിദ്യാർഥികള്‍ക്കായി കൂടുതല്‍ ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചു

കെഎംസിസി കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളാകുന്നവരുടെ മക്കൾക്ക് ഉന്നത പഠനത്തിന് സ്കോളർഷിപ്പ് അനുവദിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. വിദ്യാർഥികള്‍ക്കായി കൂടുതല്‍ ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചു. സൌദിയിലെ ജിദ്ദയിൽ കെഎംസിസി സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം

ജിദ്ദ കെ.എം.സി.സി. കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതി 14-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ശാക്തീകരണത്തോടൊപ്പം ഗവേഷണ പഠനരംഗത്തേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിനുമായി സ്കോളർഷിപ്പ് പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കളിൽ ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ, ചരിത്രം,നിയമം, ഭാഷ തുടങ്ങി മുഴുവൻ വിഷയങ്ങളിലും ഗവേഷണ പഠനത്തിന് ചേർന്നവർക്ക് സ്കോളർഷിപ്പ് നൽകും. ഗവേഷണ പഠനം നടത്തുന്നത് ഇന്ത്യയിലോ ഇന്ത്യക്ക് പുറത്തുള്ള യൂണിവേഴ്സിറ്റിയിലാണെങ്കിലും സ്കോളർഷിപ്പിന് പരിഗണിക്കും. പ്രവാസകാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിന്നിരുന്നവരും ഇന്ന് നിത്യ ജീവിതത്തിന് പ്രയാസപ്പെടുന്നവരുമായ കെഎംസിസിയുടെ ആദ്യകാല നേതാക്കൾക്ക് കാരുണ്യ കൈനീട്ടം എന്ന പുതിയ ക്ഷേമ പദ്ധതിയും ഈ വർഷം മുതൽ സുരക്ഷ പദ്ധതിയിലൂടെ നടപ്പിലാക്കും.

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മാത്രം പദ്ധതി വിഹിതമായി 5 കോടിയിലേറെ രൂപ വിതരണം ചെയ്തു. ഈ കാലയളവിൽ മരണപെട്ട 70 ആളുകളുടെ കുടുംബങ്ങൾക്ക് മരണാനന്തര സഹായവും മുന്നൂറോളം പേർക്ക് ചികിത്സാ ആനുകൂല്യവും. നൂറിലേറെ പേർക്ക് വിമാനയാത്രാ ടിക്കറ്റും നൽകി. പദ്ധതിയിലേക്കുള്ള 2023 വർഷത്തെ അംഗത്വ ക്യാമ്പയിൻ നവംബർ 15 നു തുടങ്ങി ഡിസംബർ 31 നു അവസാനിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇ ടി മുഹമ്മദ് ബഷീർ എം പി ക്ക് പുറമെ, ടി വി ഇബ്രാഹീം എം എൽ എ, കെ എം സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര, ചെയര്‍മാന്‍ നിസാം മമ്പാട് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


Related Tags :
Similar Posts