റഹീം മോചന സഹായ ഫണ്ടിലേക്ക് 'കോഴിക്കോടൻസ്' 25 ലക്ഷം രൂപ നൽകും
|റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ദീർഘകാലമായി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച 'റഹീം മോചന സഹായ ഫണ്ടി'ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ 'കോഴിക്കോടൻസ്' 25 ലക്ഷം രൂപ നല്കാൻ തീരുമാനിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽബോഡി യോഗം സിറ്റിഫ്ളവർ മാനേജിങ് ഡയറക്ടർ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. റഹീം നിയമസഹായ സമിതി ജോയിന്റ് കൺവീനർ മുനീബ് പാഴൂർ നിലവിലെ സഹചര്യങ്ങൾ വിശദീകരിച്ചു. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി അധ്യക്ഷനായിരുന്നു. അഡ്മിൻ ലീഡ് കെ.സി ഷാജു സ്വാഗതം പറഞ്ഞു.
നിയമ സഹായ സമിതി ചീഫ് കോർഡിനേറ്റർ ഹസൻ ഹർഷദ്, സഹായ സമിതി കറസ്പോണ്ടന്റ് സഹീർ മുഹ്യുദ്ധീൻ, മുജീബ് മൂത്താട്ട്, അഡ്വ. അബ്ദുൽ ജലീൽ, മജീദ് പൂളക്കാടി, അക്ബർ വേങ്ങാട്ട്, ഫൈസൽ പൂനൂർ, മിർഷാദ് ബക്കർ, നിസാം ചേന്നമംഗലൂർ, റിയാസ് കൊടുവള്ളി, മുസ്തഫ നെല്ലിക്കാപറമ്പ് തുടങ്ങിയവർ സംസാരിച്ചു.