Saudi Arabia
കഴിഞ്ഞ വർഷം മദീന സന്ദർശിച്ചത് ഒന്നര കോടിയോളം പേർ; കണക്ക് പുറത്തുവിട്ട് അധികൃതർ
Saudi Arabia

കഴിഞ്ഞ വർഷം മദീന സന്ദർശിച്ചത് ഒന്നര കോടിയോളം പേർ; കണക്ക് പുറത്തുവിട്ട് അധികൃതർ

Web Desk
|
23 Oct 2024 4:33 PM GMT

സന്ദർശകരുടെ തിരക്കേറിയതോടെ നിരവധി നിബന്ധനനകളും നിലവിലുണ്ട്‌

മദീന: മദീനയിൽ കഴിഞ്ഞ വർഷം എത്തിയത് ഒന്നര കോടിയൊളം സന്ദർശകർ. മദീനാ മേഖലയിലെ വികസന അതോറിറ്റിയുടേതാണ് കണക്കുകൾ.പ്രവാചക പള്ളിയായ മസ്ജിദുന്നബവി, കുബാ പള്ളി, ഉഹുദ് പർവ്വതം, ജന്നത്തുൽ ബഖീ, മസ്ജിദ് അൽ ഖിബ്ലതൈൻ, അൽ നൂർ മ്യൂസിയം എന്നിവയാണ് മദീനയിലെ പ്രധാന സന്ദർശന ഇടങ്ങൾ.

4900 കോടി റിയാലിലധികം തുകയാണ് സന്ദർശകർ ചെലവഴിച്ചത്. ഓരോ സന്ദർശകരും കുറഞ്ഞത് പത്ത് ദിവസമെങ്കിലും മദീനയിൽ തങ്ങിയിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തീർത്ഥാടകരും സന്ദർശകരും മദീനയിൽ കൂടുതൽ സമയം ചെലവഴിക്കാൻ താൽപര്യം കാണിക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. തീർത്ഥാടനത്തിനായി വരുന്നവരാണ് സന്ദർശകരിൽ ഭൂരിഭാഗം പേരും, ചരിത്ര ശേഷിപ്പുകൾ അനുഭവിക്കാനും, പഠനം നടത്താനും ഇവിടെ സന്ദർശകർ എത്താറുണ്ട്.

സന്ദർശകരുടെ തിരക്കേറിയതോടെ നിരവധി നിബന്ധനനകളും നിലവിലുണ്ട്. റൗള ശരീഫ് സന്ദർശനത്തിന് മുൻ കൂട്ടി ബുക്ക് ചെയ്ത് പെർമിറ്റ് എടുക്കേണ്ടതുണ്ട് . പ്രവാചക പള്ളിയിൽ നമസ്‌കരിക്കാൻ പെർമിറ്റിന്റെ ആവശ്യമില്ല. പെർമിറ്റില്ലാതെ തന്നെ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറുകൾ സന്ദർശിക്കാനും, സലാം ചൊല്ലാനും കഴിയും. നാലു ഘട്ടങ്ങളിലായാണ് വിശ്വാസികളെ റൗളയിലേക്ക് പ്രവേശിപ്പിക്കുക. പത്തു മിനിറ്റോളം തീർത്ഥാടകർക്ക് റൗളയിൽ പ്രാർത്ഥിക്കാം. നുസൂക്ക്, തവൽക്കന തുടങ്ങിയ ആപ്പുകൾ വഴിയാണ് റൗളയിലേക്കുള്ള പെർമിറ്റ് എടുക്കേണ്ടത്. ആപ്പുകളിൽ നിന്നും ലഭിച്ച ക്യു.ആർ കോഡ് സ്‌കാൻ ചെയ്തായിരിക്കും മസ്ജിദുന്നബവിയിലേക്ക് പ്രവേശിക്കേണ്ടത്. മസ്ജിദിന് അകത്തു നിന്നായിരിക്കും സന്ദർശകരെ റൗളയിലേക്ക് ആനയിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Tags :
Similar Posts