Saudi Arabia
MA Yusuff ali Roving Ambassador of India: Union Minister of Commerce and Industry Piyush Goyal
Saudi Arabia

എം.എ യൂസഫലി ഇന്ത്യയുടെ റോവിങ്ങ് അംബാസിഡർ: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ

Web Desk
|
31 Oct 2024 3:24 PM GMT

ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിൽ ലുലു നിർണായക പങ്ക് വഹിക്കുന്നതായും മന്ത്രി

റിയാദ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്ത്യയുടെ റോവിങ്ങ് അംബാസിഡറാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിൽ ലുലു നിർണായക പങ്ക് വഹിക്കുന്നതായും മന്ത്രി പറഞ്ഞു. സൗദിയിലെ ഹൈപ്പർമാർക്കറ്റുകളിലെ വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനത്തിന് തുടക്കം കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ വ്യവസായിക പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും സൗഹൃദം കൂടുതൽ കരുത്താർജിക്കുന്നതിന് ഊർജ്ജമായെന്നും മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സൗദിയിലെ ലുലുവിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനം തുടങ്ങിയത്.

ഇന്ത്യയുടെ രുചിവൈവിധ്യങ്ങളും മഹത്തായ സംസ്‌കാരവും വിളിച്ചോതുന്ന നിരവധി കാമ്പയിനുകളാണ് ലുലു നടത്തുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉൾപ്പടെ ജിസിസിയിലെ ഭരണനേതൃത്വങ്ങൾ നൽകുന്ന മികച്ച പിന്തുണയ്ക്കും ഉപഭോക്താക്കളുടെ സ്വീകാര്യതയ്ക്കും നന്ദി അറിയിക്കുന്നുവെന്ന് ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും പറഞ്ഞു.

3800 സൗദി സ്വദേശികൾക്കാണ് രാജ്യത്തെ 65 ഹൈപ്പർമാർക്കറ്റുകളിലായി നേരിട്ട് തൊഴിലവസരം ലഭിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനകം സൗദിയിൽ നൂറ് ഹൈപ്പർമാർക്കറ്റുകൾ എന്ന ലക്ഷ്യത്തിലാണ് ലുലു. ഇതോടെ പതിനായിരം സൗദി സ്വദേശികൾക്കാണ് തൊഴിൽ ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു.

Similar Posts