മേഴ്‌സ്‌കിന്റെ ഏറ്റവും വലിയ ലോജിസ്റ്റിക് പാർക്ക് ജിദ്ദയിൽ തുറന്നു
|2500ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും
ജിദ്ദ: ഷിപ്പിങ് കമ്പനിയായ മേഴ്‌സ്‌കിന്റെ ലോകത്തെ ഏറ്റവും വലിയ ലോജിസ്റ്റിക് മേഖല സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് ഉദ്ഘാടനം ചെയ്തു. 130 കോടി റിയാൽ മുതൽമുടക്കുള്ളതാണ് പദ്ധതി. 2500 തൊഴിൽ അവസരങ്ങളും പുതിയ ലോജിസ്റ്റിക്‌സ് മേഖല സൃഷ്ടിക്കുമെന്ന് സൗദി ലോജിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചു.
സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി എൻജി. സ്വാലിഹ് അൽ ജാഫറിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സൗദ് ബിൻ മിഷൽ ബിൻ അബ്ദുൽ അസീസ് ലോജിസ്റ്റിക്‌സ് സോൺ തുറന്നു കൊടുത്തു. ആഗോള ഷിപ്പിങ് ലൈനായ മേഴ്‌സ്‌കിന്റെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് സോണാണ് ഇത്. 33 ഫുട്‌ബോൾ മൈതാനങ്ങളുടെ വിസ്തൃതിക്ക് തുല്യമാണ് പ്രദേശം. 32000 സോളാർ പാനലുകൾ മേൽക്കൂരയിൽ സ്ഥാപിച്ചാണ് വൈദ്യുതി ഉത്പാദനം. 130 കോടി റിയാൽ മുതൽമുടക്കിൽ നിർമിച്ച ഇത് ലോകത്തിലെ ഏറ്റവും വലിയ ഇൻറഗ്രേറ്റഡ് ലോജിസ്റ്റിക് ഏരിയയാണ്. ഓരോ വർഷവും രണ്ട് ലക്ഷം കണ്ടെയ്‌നറുകൾ ഇവിടെ കൈകാര്യം ചെയ്യാനാകും. വിവിധതരത്തിലുള്ള ലോജിസ്റ്റിക്‌സ് സേവനങ്ങളും ഇതുവഴി ലഭ്യമാവും. സംഭരണത്തിനും വിതരണത്തിനുമുള്ള വിശാല സൗകര്യവുമുണ്ട്. ആഗോള ലോജിസ്റ്റിക് ഹബ്ബായി സൗദിയെ മാറ്റുന്നതിന്റെ ഭാഗമായാണ് നീക്കങ്ങൾ. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നീ മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രമായി സൗദിയെ മാറ്റാനാണ് കിരീടാവകാശിയുടെ പദ്ധതി.