Saudi Arabia
പഴയ രീതിയിലേക്ക് മക്കയും മദീനയും;ഹറമിലെ ബാരിക്കേഡുകൾ നീക്കി
Saudi Arabia

പഴയ രീതിയിലേക്ക് മക്കയും മദീനയും;ഹറമിലെ ബാരിക്കേഡുകൾ നീക്കി

Web Desk
|
17 Oct 2021 4:17 PM GMT

ഇരു ഹറമിലും മുഴുവൻ വിശ്വാസികളേയും പ്രവേശിക്കാനുള്ള അനുമതി ഇന്നു മുതലാണ് പ്രാബല്യത്തിലായത്

കോവിഡ് പ്രോട്ടോകോളിൽ മാറ്റം വരുത്തിയതോടെ വിശ്വാസികളുടെ തിരക്കിനാണ് മക്ക മദീന ഹറമുകൾ സാക്ഷ്യം വഹിച്ചത്. ശാരീരിക അകലം പാലിക്കാനുള്ള തീരുമാനം പിൻവലിച്ചതോടെ മക്കയും മദീനയും പഴയ നിലയിലേക്ക് തിരികെയെത്തുകയാണ്. കഅ്ബക്ക് ചുറ്റും നേരത്തെ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും എടുത്തു മാറ്റി.

ഇരു ഹറമിലും മുഴുവൻ വിശ്വാസികളേയും പ്രവേശിക്കാനുള്ള അനുമതി ഇന്നു മുതലാണ് പ്രാബല്യത്തിലായത്. സുബഹി നമസ്‌കാരത്തിനായി പതിനായിരങ്ങൾ ഹറമിലെത്തി. കഅ്ബക്കരികെ പഴകാലത്തെ അനുസ്മരിപ്പിച്ച് സുബഹി നമസ്‌കാരം. ശാരീരിക അകലം പാലിക്കാനുള്ള തീരുമാനം പിൻവലിച്ചതോടെ ഹറമിൽ നേരത്തതെ പതിച്ചിരുന്ന സ്റ്റിക്കറുകൾ നീക്കി. മാസ്‌ക് ധരിക്കുക, രണ്ട് ഡോസ് വാക്‌സിനെടുത്തിരിക്കുക, പെർമിറ്റ് കരസ്ഥമാക്കുക എന്നിവ പൂർത്തീകരിച്ചാൽ സാധാരണ പോലെ ഹറമിലെത്താം. നേരത്തേതിൽ നിന്നും വ്യത്യസ്തമായി എല്ലാവർക്കും പെർമിറ്റ് ലഭിക്കുന്നുണ്ട്. ഇതോടെ പഴയ പ്രതാപത്തിലേക്കെത്തുകയാണ് ഹറം.

കഅ്ബയോട് ചേർന്ന് നേരത്തെ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും നീക്കി. നിലവിൽ കഅ്ബ തൊടാതിരിക്കാനുള്ള സംവിധാനം മാത്രമേയുള്ളൂ. കോവിഡ് സാഹചര്യം പൂർണമായും നീങ്ങിയാൽ വിശ്വാസികൾക്ക് വീണ്ടും ഹജറുൽ അസ്‌വദെന്ന കറുത്ത മുത്തിൽ ചുംബിക്കാനുമാകും. മദീനയിലെ പ്രവാചകന്റെ പള്ളിയിലും വലിയ തിരക്കാണ് ഇന്നുണ്ടായത്.ഫലത്തിൽ, പഴയ കാലം വീണ്ടുമെത്തുകയാണ് ഹറമിൽ. വരും ആഴ്ചകളിൽ വിദേശികൾക്കും കൂടുതലായെത്താനായേക്കും.

Related Tags :
Similar Posts