മക്ക ബസ് പദ്ധതിയുടെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ആരംഭിച്ചു
|ദിവസവും 22 മണിക്കൂറും സേവനം ലഭ്യമാകും
മക്ക ബസ് പദ്ധതിയുടെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ആരംഭിച്ചു. ഈ വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തീകരിക്കും വിധമാണ് നടപടികള്‍ പുരോഗമിക്കുന്നത്. മക്ക നഗരത്തെ കൂടുതല്‍ ചലനാത്മകമാക്കുന്നതാണ് 'മക്ക ബസ്' പദ്ധതി.
മക്കയിലെ ഏകീകൃത ഗതാഗത കേന്ദ്രം വഴി മക്ക, മശാഇര്‍, റോയല്‍ കമീഷന്‍ ആറ്, ഏഴ്, പന്ത്രണ്ട് റൂട്ടുകളിലാണ് പദ്ധതിയുടെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം ആരംഭിച്ചത്. സെന്‍ട്രല്‍ ഏരിയ, ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിന്‍, ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഈ റൂട്ടുകള്‍.
പുതിയ റൂട്ടുകളിലെ സേവനം മക്കയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വലിയ ആശ്വാസമാകും. ഈ വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അതിനായി മക്ക ബസ് പദ്ധതി അതിന്റെ എല്ലാ റൂട്ടുകളിലും സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതി റോയല്‍ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുകയാണ്.
12 റൂട്ടുകളിലായാണ് മക്ക നഗരത്തിലെ ബസ് സര്‍വീസുകള്‍ നടക്കുന്നത്. നാല് പ്രധാന സ്റ്റേഷനുകളടക്കം ഏകദേശം 425 സ്റ്റോപ്പുകളാണ് ഈ റൂട്ടുകളിലുള്ളത്. തീര്‍ഥാടന സേവന പാതയിലെ ഈ സംരംഭം വിഷന്‍ 2030 ന്റെ പ്രധാന പദ്ധതികളിലൊന്നാണ്.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ദിവസവും 22 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്ന് റോയല്‍ കമീഷന്‍ മക്ക ബസ് പദ്ധതി വക്താവ് ഡോ. റയാന്‍ ഹാസ്മി പറഞ്ഞു. നിലവിലെ റൂട്ടുകളില്‍ റമദാനിലും ഹജ്ജ് സീസണിലും തീര്‍ഥാടകര്‍ക്ക് യാത്രക്കായി ബസ് സര്‍വീസ് നടത്തും. ഇതിനായി വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.