ഹറം പള്ളിയിൽ റമദാൻ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; ഇഫ്താർ വിരുന്നുകൾക്ക് അപേക്ഷ ക്ഷണിച്ചു
|കോവിഡ് വ്യാപനത്തോടെ നിറുത്തി വെച്ചിരുന്ന ഇഫ്താർ വിരുന്നുകൾ ഇത്തവണ ഇരു ഹറമുകളിലും വീണ്ടും പുനരാരംഭിക്കും. ഹറമുകളിലെത്തുന്ന വിശ്വാസികൾക്ക് ഇഫ്താർ വിരുന്നൊരുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
മക്കയിലെ ഹറം പള്ളിയിൽ റമദാൻ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി. ഇരു ഹറമുകളിലും ഇഫ്താർ വിരുന്നൊരുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണം. കോവിഡ് വ്യാപനത്തിന് ശേഷം ഇരു ഹറമുകളും വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ മക്കയിലെയും മദീനയിലേയും ഹറം പള്ളികളിൽ നടന്നുവരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ ഇത്തവണ റമദാനിൽ തീർഥാടകരുടെ എണ്ണം വർധിക്കുമെന്നതിനാലാണ് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നത്.
കോവിഡ് വ്യാപനത്തോടെ നിറുത്തി വെച്ചിരുന്ന ഇഫ്താർ വിരുന്നുകൾ ഇത്തവണ ഇരു ഹറമുകളിലും വീണ്ടും പുനരാരംഭിക്കും. ഹറമുകളിലെത്തുന്ന വിശ്വാസികൾക്ക് ഇഫ്താർ വിരുന്നൊരുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. മക്കയിലെ ഹറം പള്ളിയുടെ വിവിധ ഭാഗങ്ങളിൽ റമദാൻ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഹറം പള്ളിയുടെ കവാടങ്ങളിലെ അറ്റകുറ്റപണികൾ പൂർത്തിയാക്കി. ഹറമിലെത്തുന്ന വിശ്വാസികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും മതപരമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി മുഴു സമയവും സേവനം നൽകുന്നതിനായി 32 മത പണ്ഡിതന്മാരെ നിയോഗിച്ചിട്ടുണ്ട്. സന്ദർശകരുടേയും തീർഥാടകരുടേയും കർമങ്ങൾ സുഗമമാക്കുന്നതിനും ഹറമിലേക്കും പുറത്തേക്കുമുള്ള സഞ്ചാരം എളുപ്പത്തിലാക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങളാണ് ഹറമിൽ ഒരുക്കിയിട്ടുള്ളത്.