ജനലക്ഷങ്ങളാൽ വീർപ്പുമുട്ടി മക്ക; വെള്ളി രാത്രി മാത്രം 14.5 ലക്ഷം പേർ
|സമീപകാലത്തെ റെക്കോർഡ് എണ്ണം വിശ്വാസികളാണ് ഹറമിലേക്ക് പ്രവഹിക്കുന്നത്.
മക്ക: പതിനാല് ലക്ഷത്തോളം വിശ്വാസികൾ ഒഴുകിയെത്തിയ രാവിൽ മക്കയിലെ ഹറമിൽ പാതിരാ നമസ്കാരം. റമദാനിലെ അവസാന വെള്ളിയാഴ്ചയാകാൻ സാധ്യതയുള്ള കഴിഞ്ഞദിവസം ഭക്തിസാന്ദ്രമായിരുന്നു ഹറം. തെരുവുകളും വഴികളുമെല്ലാം വിശ്വാസികളാൽ നിറഞ്ഞൊഴുകി.
സമീപകാലത്തെ റെക്കോർഡ് എണ്ണം വിശ്വാസികളാണ് ഹറമിലേക്ക് പ്രവഹിക്കുന്നത്. റമദാനിലെ അവസാന പത്തിലെ 21, 23, 25, 27, 29 രാവുകളിലാണ് വിശ്വാസികൾ കൂടുതലായി പ്രവഹിക്കുക. ഈ ദിനങ്ങളിലൊന്നിലാണ് വിശുദ്ധ ഖുർആൻ അവതരിച്ചത് എന്നാണ് കരുതുന്നത്.
ഈ ദിനങ്ങളിലെ പ്രാർഥനയ്ക്ക് പുണ്യമേറിയുള്ളതിനാൽ ലോകത്തിന്റെ വിവിധ ഭാഗദങ്ങളിൽ നിന്നും അവസാന പത്തിലേക്ക് വിശ്വാസികൾ ഒഴുകും. രാത്രിയിലെ തറാവീഹ് നമസ്കാരത്തിന് ശേഷം അർധ രാത്രിയിൽ 12.30ന് നടക്കുന്ന ഖിയാമുല്ലൈൽ എന്ന പാതിരാ നമസ്കാരത്തിലും ജനലക്ഷങ്ങളെത്തും.
വെള്ളിയാഴ്ച രാവിൽ മാത്രം ഹറമിൽ 14.5 ലക്ഷം പേരെത്തി. ഇതുവരെ മക്കയിലേക്ക് രണ്ടരക്കോടിയോളം പേർ റമദാനിലെത്തിയെന്നാണ് കണക്ക്.