മലയാളി ഹജ്ജ് വളണ്ടിയർ സംഘങ്ങൾ സജീവം; മദീന വിമാനത്താവളത്തിലും സ്വീകരിക്കാനെത്തി
|ഇവരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് കോൺസുൽ ജനറലും പറഞ്ഞു.
റിയാദ്: ഹാജിമാരുടെ സംഘങ്ങൾ എത്തിത്തുടങ്ങിയതോടെ മലയാളി വളണ്ടിയർ സംഘങ്ങളും മദീനയിൽ സജീവമായി. മക്കയിലും മദീനയിലും മലയാളി വളണ്ടിയർമാരുടെ കൂടുതൽ സാന്നിധ്യം ഇത്തവണയുണ്ടാകും. ഇവരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് കോൺസുൽ ജനറലും പറഞ്ഞു.
മദീനയിൽ ഹാജിമാരെ സ്വീകരിക്കാൻ ചെറുതും വലുതുമായ പ്രവാസി സംഘടനകളും കൂട്ടായ്മകളും ഇത്തവണയുമെത്തിയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം ഹാജിമാരാണ് ഇത്തവണയെത്തുന്നത്. ഇത്തവണ ഇന്ത്യൻ വളണ്ടിയർമാരുടെ സേവനം ഹജ്ജ് മിഷനും സജീവമായി ഉപയോഗപ്പെടുത്തും.
രണ്ടായിരത്തോളം വളണ്ടിയർമാരെ രംഗത്തിറക്കാനാണ് കെഎംസിസിയുടെ തീരുമാനം. ഹജ്ജവസാനിക്കും വരെ സേവനം തുടരും. സജീവ സാന്നിധ്യമായി ഇത്തവണ ആർ.എസ്.സി വളണ്ടിയർമാരും രംഗത്തുണ്ടാകും.
സേവനങ്ങൾക്കായി മലയാളി സംഘങ്ങൾ രംഗത്തിറങ്ങുന്നത് മലയാളി ഹാജിമാർക്കും ഗുണം ചെയ്യും. വരും ദിനങ്ങളിൽ കൂടുതൽ പേരെത്തും. വഴി തെറ്റുന്നവർക്കും ആരോഗ്യ പ്രയാസങ്ങളുള്ളവർക്കും ഭക്ഷണ പ്രയാസങ്ങളുള്ളവർക്കും വളണ്ടിയർ സംഘങ്ങൾ തുണയായെത്തും.