Saudi Arabia
MalayalioriginPakistanimeetsfamily, MedinaProphetmosque, MalayaliPakistani, Khalid, AlMasjidanNabawi, KMCC
Saudi Arabia

കെ.എം.സി.സിയുടെ ഇഫ്താർ സുപ്രയിൽ സര്‍പ്രൈസ് അതിഥി; പ്രവാചകന്റെ പള്ളിയിൽ പാക് മലയാളിക്ക് സ്വപ്‌നസാഫല്യം

Web Desk
|
15 April 2023 7:29 AM GMT

1955ൽ മാഹിയിൽനിന്ന് കറാച്ചിയിലേക്ക് കുടിയേറിയ ഖാലിദിനെ കുടുംബവുമായി ബന്ധിപ്പിച്ചത് സൗദിയിലെ കെ.എം.സി.സി പ്രവർത്തകരാണ്

റിയാദ്: ഏഴു പതിറ്റാണ്ടുമുൻപ് ജന്മനാടിനെ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് കുടിയേറിയ മലയാളിക്ക് പ്രവാചകന്റെ പള്ളിയിൽ 'സ്വപ്‌നസാഫല്യം'. 1955ൽ മാഹിയിൽനിന്ന് കറാച്ചിയിലേക്ക് കുടിയേറിയ ഖാലിദിനെ കുടുംബവുമായി ബന്ധിപ്പിച്ച് സൗദി അറേബ്യയിലെ കെ.എം.സി.സി പ്രവർത്തകർ.

മദീനയിലെ പ്രവാചകന്റെ മസ്ജിദിൽ വച്ചാണ് കെ.എം.സി.സി പ്രവർത്തകർ ഇദ്ദേഹത്തെ കണ്ടുമുട്ടുന്നത്. പരിചയപ്പെട്ടപ്പോഴാണ് മലയാളിയാണെന്ന് തിരിച്ചറിയുന്നത്. മാഹിയിലെ കുടുംബവേരുകൾ പറഞ്ഞതോടെ നാട്ടിലെ ബന്ധങ്ങൾ ഉപയോഗിച്ച് കെ.എം.സി.സി പ്രവർത്തകർ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുത്തുകയായിരുന്നു. ഖാലിദുമായുള്ള കൂടിക്കാഴ്ചയുടെ വിഡിയോ കെ.എം.സി.സി പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ഫ്രഞ്ച് പെട്ടിപ്പാലം ധർമ്മടം സ്വദേശി അബ്ദുറഹ്മാന്റെ ഭാര്യ ജമീലയുടെ സഹോദരനാണ് ഖാലിദ്. കുടുംബസമേതം പാകിസ്താനിലേക്ക് കുടിയേറിയ ശേഷം കറാച്ചിയിലെ നാസിമാബാദിലാണ് പതിറ്റാണ്ടുകളായി കഴിയുന്നത്. ഇവിടെ ഒരുപാട് മലയാളികളുണ്ടെന്ന് വിഡിയോയിൽ ഖാലിദ് പറയുന്നു. വർഷങ്ങൾക്കുമുൻപ് കേരളത്തിൽനിന്ന് പാകിസ്താനിലേക്ക് കുടിയേറിയ മറ്റൊരു കുടുംബത്തിൽനിന്നാണ് ജീവിതപങ്കാളിയെ കണ്ടെത്തിയത്. ഇവർക്ക് ഒരു പെൺകുട്ടിയടക്കം ഒൻപതു മക്കളുമുണ്ട്.

ആറു പതിറ്റാണ്ടുകാലം മലയാളിവേരും ചൂരുമൊന്നുമില്ലാതെ കഴിഞ്ഞിട്ടും ഇപ്പോഴും നന്നായി മലയാളം സംസാരിക്കുന്നുണ്ട് 73കാരൻ. മക്കളിൽ മുതിർന്നവരും മലയാളം സംസാരിക്കുമെന്ന് അദ്ദേഹം പറയുന്നു. കറാച്ചിയിൽ പിസ്സ, ബ്രോസ്റ്റ് ബിസിനസ് നടത്തുകയാണ് മക്കളെന്നും അദ്ദേഹം കെ.എം.സി.സി പ്രവർത്തകരോട് പറഞ്ഞു.

പാകിസ്താനിൽ സ്ഥിരതാമസമാക്കിയ ശേഷം മാഹിയിൽ കുടുംബത്തെ കാണാനെത്തിയിട്ടുണ്ട്. നാലു പതിറ്റാണ്ടുമുൻപാണ് അവസാനമായി നാട്ടിലെത്തിയത്. 1980ൽ കുടുംബത്തെ കണ്ടുമടങ്ങിയ ശേഷം പിന്നീട് ഒരു മടക്കമുണ്ടായിട്ടില്ല. ടെലഫോണും മൊബൈലും സാർവത്രികമാകാത്ത കാലമായതിനാൽ ബന്ധപ്പെടാനും ഒരു വഴിയുണ്ടായിരുന്നില്ല. അങ്ങനെ കുടുംബവുമായുള്ള എല്ലാ ബന്ധവും മുറിഞ്ഞിരുന്നു.

റമദാനിൽ ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയതാണ് ഖാലിദ്. മദീനയിലെ പ്രവാചക മസ്ജിദിലെത്തിയ അദ്ദേഹത്തെ കെ.എം.സി.സി നേതാവ് ഒ.കെ റഫീഖാണ് കണ്ടെത്തുന്നത്. പരിചയപ്പെട്ടതോടെ വികാരഭരിതനായി കെട്ടിപ്പിടിക്കുകയും സന്തോഷാശ്രു പൊഴിക്കുകയും ചെയ്തു ഖാലിദ്. മദീനാ പള്ളിയിലെ കെ.എം.സി.സിയുടെ ഇഫ്താർ സുപ്രയിലേക്ക് അദ്ദേഹത്തെ നേതാക്കൾ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് അദ്ദേഹം നോമ്പുതുറയുടെ ഭാഗമായി. മദീന വിടുന്നതുവരെ കെ.എം.സി.സി സുപ്രയിലുണ്ടാകുമെന്നാണ് ഖാലിദ് അറിയിച്ചിട്ടുള്ളത്.

Summary: A Malayali who left his native land seven decades ago and migrated to Pakistan has a 'dream come true' in the Prophet's mosque in Medina, Saudi Arabia. KMCC activists in Saudi Arabia connected Khalid with his family, who migrated from Mahi to Karachi in 1955.

Similar Posts