Saudi Arabia
നിയമക്കുരുക്കിൽപെട്ട് സൗദിയിൽ കഴിഞ്ഞത് രണ്ടരവർഷം; ഒടുവിൽ വിവാഹത്തലേന്ന് നാട്ടിലേക്ക് മടക്കം
Saudi Arabia

നിയമക്കുരുക്കിൽപെട്ട് സൗദിയിൽ കഴിഞ്ഞത് രണ്ടരവർഷം; ഒടുവിൽ വിവാഹത്തലേന്ന് നാട്ടിലേക്ക് മടക്കം

Web Desk
|
8 July 2021 6:40 PM GMT

സൗദിയിൽ ഡ്രൈവർ ജോലിക്കെത്തിയ തിരുവനന്തപുരം സ്വദേശി ഷിനു രാജനാണ് കമ്പനി താമസരേഖ എടുത്തുനൽകാത്തതിനെ തുടർന്ന് ദുരിതത്തിലായത്. ഷിനുവിന്റെ മടക്കം സാധ്യമായത് സാമൂഹിക പ്രവർത്തകന്റെ ഇടപെടലിൽ

നിയമക്കുരുക്കിൽപെട്ട് നാട്ടിലേക്കു പോകാനാകാതെ തിരുവനന്തപുരം സ്വദേശി ഷിനു രാജൻ സൗദിയിൽ കുടുങ്ങിയത് രണ്ടര വർഷം. നിരവധി വാതിലുകൾ മുട്ടിനോക്കിയിട്ടും നാട്ടിലേക്ക് മടങ്ങാൻ മുന്നിൽ ഒരു വഴിയും തെളിഞ്ഞില്ല. ഒടുവിൽ സാമൂഹികപ്രവർത്തകരുടെ നിരന്തര പരിശ്രമം ഫലംകണ്ട് ഷിനു നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്; അതും സ്വന്തം വിവാഹത്തിന്റെ തലേനാൾ.

അൽഹസ്സയിൽ ഡ്രൈവർ ജോലിക്കെത്തിയ ഷിനു കമ്പനി താമസരേഖ എടുത്തുനൽകാത്തതിനെ തുടർന്നാണ് ദുരിതത്തിലായത്. ഒടുവിൽ ആത്മഹത്യയുടെ വക്കിലെത്തിയ ഇദ്ദേഹത്തെ സാമൂഹികപ്രവർത്തകനായ മണി മാർത്താണ്ഡമാണ് തുണയായത്.

തിരുവനന്തപുരം ഊന്നിൻമൂട് സ്വദേശിയാണ് ഷിനു രാജൻ. രണ്ടുവർഷം മുൻപ് ഏറെ പ്രതീക്ഷയോടെയായിരുന്നു സൗദിയിലെത്തിയത്. എന്നാൽ, വലിയൊരു ദുരന്തമാണ് തന്നെ കാത്തിരുന്നതെന്ന് അദ്ദേഹമറിഞ്ഞിരുന്നില്ല. ഷിനുവിന്റെ ബന്ധു തന്നൊണ് ഒരു ലക്ഷം രൂപ വാങ്ങി വിസ നൽകിയത്.

ഷിനുവിന്റെ അവസ്ഥ മനസ്സിലാക്കിയ മണി മാർത്താണ്ഡം ദിവസങ്ങൾ കൊണ്ടാണ് ആവശ്യമായ രേഖകൾ ശരിയാക്കി നൽകിയത്. നാലുമാസത്തെ ശമ്പളം കുടിശ്ശികയാണ്. എങ്കിലും തന്റെ വിവാഹസ്വപ്നം പൂവണിയാനും കുടുംബത്തെ ആത്മഹത്യയിൽനിന്ന് രക്ഷിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷിനു ഇന്ന് നാട്ടിലേക്ക് മടങ്ങിയത്. പുലർച്ചെ നാട്ടിലെത്തുന്ന ഷിനു നേരെ പോകുക സ്വന്തം വിവാഹവേദിയിലേക്കായിരിക്കും.

Related Tags :
Similar Posts