ഹജ്ജ് നിയമങ്ങൾ ലംഘിച്ചതിന് സ്ത്രീകളുൾപ്പെടെ നിരവധി പേർ മക്കയിൽ അറസ്റ്റിൽ
|നാളെ മുതൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം
മക്ക: ഹജ്ജ് നിയമങ്ങൾ ലംഘിച്ചതിന് സ്ത്രീകളുൾപ്പെടെ നിരവധി പേർ മക്കയിൽ അറസ്റ്റിലായി.ഉംറ തീർഥാടകർക്ക് സൗദിയിൽ തങ്ങാനുള്ള സമയപരിധി ഇന്നത്തോടെ അവസാനിക്കും.നാളെ മുതൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹജ്ജ് നിയമങ്ങൾ ലംഘിച്ചതിന് മൂന്ന് സ്ത്രീകളുൾപ്പെടെ 12 പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ മക്കയിൽ അറസ്റ്റ് ചെയ്തത്. ഹജ്ജ് പെർമിറ്റില്ലാത്ത 28 പേർക്ക് മക്കയിലേക്ക് പ്രവേശിക്കാൻ യാത്ര സൗകര്യം ചെയ്തുകൊടുത്തതിനാണ് 8 പേർ അറസ്റ്റിലായത്. ഇവരിൽ മൂന്ന് പേർ പ്രവാസികളും, 5 പേർ സ്വദേശികളുമാണ്. മക്കയിലേക്കുള്ള ചെക്ക് പോയിന്റുകളിൽ വെച്ച് വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർക്ക് 15 ദിവസം തടവും, ഒരു യാത്രക്കാരന് 10,000 റിയാൽ എന്ന തോതിൽ പിഴയുമാണ് ശിക്ഷ. കൂടാതെ വാഹനം കണ്ടുകെട്ടുമെന്നും പ്രാവാസികളെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടുത്തുമെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു.
വ്യാജമായി നുസുക് ഹജ്ജ് കാർഡ് നിർമിച്ച് വിതരണം ചെയ്തതിനാണ് മറ്റു നാല് പേർ അറസ്റ്റിലായത്. സന്ദർശക വിസയിൽ കഴിയുന്ന ഈജിപ്തുകാരാനായ ഒരു പ്രവാസിയും മൂന്ന് സ്ത്രീകളുമാണ് ഇതിൽ അറസ്റ്റിലായത്. മക്കയിലെ ഹോട്ടലിൽ താമസിച്ചുകൊണ്ട് വ്യാജ നുസുക് കാർഡുകൾ വിതരണം ചെയ്തിരുന്ന ഇവരെ നാടകീയമായി അധികൃതർ പിടികൂടുകയായിരുന്നു. ഇവർക്കതെരി ശക്തമായ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉംറ വിസയിലുള്ളവർക്ക് സൗദിയിൽ തങ്ങാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.