എം.സി സുബൈർ ഹുദവിയുടെ വിയോഗം; ഞെട്ടൽ വിട്ടുമാറാതെ സുഹൃത്തുക്കൾ
|ഖബറടക്കം സൗദി അറേബ്യയിൽ
റിയാദ്: സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റി ഓഡിറ്റിംഗ് സമിതി കൺവീനറും ദുബൈ കെഎംസിസി മുൻ ഓഫീസ് സെക്രട്ടറിയുമായ എം.സി സുബൈർ ഹുദവി (48) യുടെ നിര്യാണത്തിൽ ഞെട്ടൽ വിട്ടുമാറാതെ സുഹൃത്തുക്കൾ. ഇന്ന് നാട്ടിൽ പോകാനിരിക്കെയാണ് അദ്ദേഹം മരിച്ചത്. ബുധനാഴ്ച രാത്രി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. ജിദ്ദയിലെ കന്തറയിലെ താമസസ്ഥലത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ പൊലീസ് പരിശോധിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറുപടിയില്ലാത്തതിനെ തുടർന്നാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. ഖബറടക്കം സൗദി അറേബ്യയിൽ തന്നെയാണ് നടക്കുക.
പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയാണ്. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ സുബൈർ സൗദിയിലെ മത-സാമൂഹ്യമേഖലയിൽ സജീവമായിരുന്നു. സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെന്റർ കമ്മിറ്റി, സൗദി നാഷണൽ കമ്മിറ്റി എന്നിവയിൽ അംഗമാണ്. നേരത്തെ ദുബൈ കെഎംസിസിയിൽ സജീവമായിരുന്നു.
എം.സി. സുബൈർ ഹുദവിയുടെ നിര്യാണം കെ.എം.സിസിക്കും പ്രവാസി സമൂഹത്തിനും വലിയ നഷ്ടമാണെന്ന് ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി പറഞ്ഞു. കെഎംസിസി ഓഫീസ് ഇൻചാർജ് വഹിക്കുന്ന സമയത്ത് ദുബൈ ഔഖാഫിലും മറ്റ് ഡിപ്പാർട്ടുമന്റിലും അറബ് പ്രമുഖരുമായി സംഘടനയ്ക്ക് ബന്ധം സ്ഥാപിക്കുന്നതിൽ ഹുദവി വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ദാറുൽ ഹുദയിലെ വിദ്യാർഥി സംഘടനയായ 'അസാസി'ലൂടെ പ്രവർത്തനം തുടങ്ങിയ ഇദ്ദേഹം യുഎഇ ഹാദിയയിലൂടെയും അലിഫിലൂടെയും എസ്‌കെഎസ്എസ്എഫിലൂടെയും ദുബൈ സുന്നി സെന്ററിലൂടെയും സാമൂഹ്യ സേവനം തുടർന്നുവെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.