റമദാനെ സ്വീകരിക്കാൻ മക്കയിൽ ഒരുക്കങ്ങളാരംഭിച്ചു
|റമദാനിൽ സാധാരണയിൽ കൂടുതൽ വിശ്വാസികൾ നമസ്‌കാരത്തിനും, ഉംറക്കും മറ്റു പ്രാർത്ഥനകൾക്കുമായി ഹറമിലെത്തും.
വിശുദ്ധ റമദാനെ വരവേൽക്കാൻ മക്കയിലെ ഹറം പള്ളിയിലും ഒരുക്കങ്ങളാരംഭിച്ചു. ഹറമിലെ മുഴുവൻ ഏരിയകളിലും റമദാനിൽ കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തും. റമദാനിൽ ഹറമിലേക്ക് കൂടുതൽ വിശ്വാസികളെത്തുന്ന സാഹചര്യം പരിഗണിച്ചാണ് പ്രത്യേക ഒരുക്കങ്ങൾ.
വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കുന്നതിനുള്ള ഒരുക്കത്തിലാണ് മക്കയിലെ ഹറം പള്ളി. റമദാനിൽ സാധാരണയിൽ കൂടുതൽ വിശ്വാസികൾ നമസ്‌കാരത്തിനും, ഉംറക്കും മറ്റു പ്രാർത്ഥനകൾക്കുമായി ഹറമിലെത്തും. കൂടാതെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ പേർ വാക്‌സിൻ സ്വീകരിച്ച് ഇമ്മ്യൂണ് ആയതിനാൽ കൂടുതൽ വിശ്വാസികളെത്തുമെന്നാണ് പ്രതീക്ഷ. ഇത് കണക്കിലെടുത്ത് ഹറമിലെ പുതിയ വികസന മേഖലയുൾപ്പെടെ എല്ലാ ഏരിയകളിലും സൗകര്യങ്ങൾ വർധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഇരുഹറം കാര്യാലയത്തിന്റെ നേതൃത്വത്തിലുള്ള പ്രോജക്ട്‌സ് ആൻഡ് എഞ്ചിനീയറിങ് സ്റ്റഡീസ് ഏജൻസിയാണ് വരാനിരിക്കുന്ന റമദാൻ സീസണിനുള്ള തയാറെടുപ്പുകളും ഒരുക്കങ്ങളും നടത്തുന്നത്. ഹറമിലെ വിവിധ ഏരിയകളിലേയും നടപ്പാതകളിലേയും ഒരുക്കങ്ങളെ കുറിച്ചും, കഅബാ പ്രദക്ഷിണം ചെയ്യുന്ന മതാഫിന്റെ വിപുലീകരണത്തെ കുറിച്ചും പ്രോജക്ട്‌സ് ആൻഡ് എഞ്ചിനീയറിങ് സ്റ്റഡീസ് ജനറൽ അണ്ടർ സെക്രട്ടറി എഞ്ചി. മുഹമ്മദ് അൽ വഖ്ദാനി വിശദീകരിച്ചു. തീർത്ഥാടകർക്കാവശ്യമായ സേവന സംവിധാനങ്ങളും മറ്റും നവീകരിക്കേണ്ടതിനെ സംബന്ധിച്ച് ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.