മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സിന് നാളെ ദമ്മാമിൽ തുടക്കം
|സൗദിയിൽ അഞ്ചിടങ്ങളിലാണ് പരിപാടി
ദമ്മാം:സൗദിയിലെ ദമ്മാമിൽ മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സിന്റെ ഈ വർഷത്തെ എഡിഷന് നാളെ തുടക്കമാകും. കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് പത്ത് പ്ലസ്ടു പരീക്ഷകളിൽ 90 ശതമാനത്തിലേറെ മാർക്ക് നേടിയവരെയും സ്‌കൂളുകളെയുമാണ് ആദരിക്കുക. നാളെ വൈകീട്ട് അഞ്ചരക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും.
പത്ത് പ്ലസ്ടു പരീക്ഷകളിൽ 90% ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥികളെ അഭിനന്ദിക്കാനാണ് മീഡിയവൺ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ് പ്രോഗ്രാം. ഇത്തവണ സൗദിയിൽ അഞ്ചിടങ്ങളിലാണ് പരിപാടി. അതിന്റെ തുടക്കമാണ് നാളെ ദമ്മാമിൽ. വൈകീട്ട് അഞ്ചരക്ക് വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്ത് ഹാളിൽ പ്രവേശിക്കാം. നേരത്തെ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം.
ദമ്മാം ഹെറിറ്റേജ് വില്ലേജാണ് വേദി. പരിപാടിയിൽ കിങ് ഫഹദ് യൂണിവേഴ്‌സിറ്റി പ്രഫ. ഡോ. സാദിഖ് സെയ്ത് മുഹമ്മദ്, ശാസ്ത്രജ്ഞനായ ഡോ. സോളോമൻ അൽമാദി, ഇറാം ഗ്രൂപ് ചെയർമാൻ ഡോ. സിദ്ദീഖ് അഹ്‌മദ് എന്നിവർ പങ്കെടുക്കും. കൃത്യം ഏഴ് മണിക്കാണ് പരിപാടിയുടെ തുടക്കം. നൂറുകണക്കിന് വിദ്യാർഥികളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വേദിയിൽ വെച്ച് അതിഥികൾ ആദരിക്കും.