സൗദിയിൽ മാധ്യമ പങ്കാളിയായി വീണ്ടും മീഡിയവൺ
|എഫ്‌ഐഐയുമായി മീഡിയവൺ കരാർ ഒപ്പുവെച്ചു
റിയാദ്: സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിൽ ഇത്തവണയും മാധ്യമ പങ്കാളിയായി മീഡിയവൺ കരാർ ഒപ്പുവെച്ചു. ഈ മാസം 24 മുതൽ 26 വരെ റിയാദ് റിറ്റ്‌സ്‌കാൾട്ടണിൽ വെച്ചാണ് സൗദിയുടെ തന്ത്രപ്രധാനമായ കോൺഫറൻസ് നടക്കുന്നത്. സൗദി കിരീടാവകാശിയുടെ മേൽ നോട്ടത്തിലുള്ള ഈ പരിപാടിയിൽ ഇത്തവണ വിവിധ രാജ്യങ്ങളുടെ മന്ത്രിമാരും സിഇഒമാരും ഉൾപ്പെടെ ആറായിരത്തോളം പേർ പങ്കെടുക്കും.
മീഡിലീസ്റ്റിലുടനീളം വേരുള്ള മീഡിയവണിന്റെ ജനകീയതയാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിൽ തുടർച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടാൻ ഇടയാക്കിയത്. ഇതിന്റെ ഭാഗമായി എഫ്‌ഐഐയുടെ വിവിധ സെഷനുകളിൽ മീഡിയവൺ നേരിട്ട് പങ്കാളിയാകും. ലോകത്തിലെ വിവിധ ചിന്തകരും നോബൽ സമ്മാന ജേതാക്കളും നിക്ഷേപകരും രാഷ്ട്രത്തലവന്മാരും ലോകത്തെ വൻകിട കമ്പനികളുടെ സിഇഒമാരും പരിപാടിയിലെത്തും. റിറ്റ്‌സ്‌കാൾട്ടണിലെ വേദിയിൽ മീഡിയവണിനായി പ്രത്യേക പവലിയൻ എഫ്‌ഐഐ ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കും. മീഡിയവൺ സിഇഒ, മുതിർന്ന ആങ്കർമാർ എന്നിവരടക്കമുള്ള സംഘം ഇതിനായി എഫ്‌ഐഐയുടെ ക്ഷണത്തിൽ സൗദിയിലെത്തും. ഇതിനുള്ള കരാർ എഫ്‌ഐഐ ഇൻസ്റ്റിറ്റ്യൂട്ടും മീഡിയവണും ഒപ്പുവെച്ചു.
കഴിഞ്ഞ തവണയും മാധ്യമ പങ്കാളിയായിരുന്ന മീഡിയവണിന്റെ പവലിയൻ സൗദിയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരും സന്ദർശിച്ചിരുന്നു. മീഡിയവണിന്റെ അന്താരാഷ്ട്ര വേദികളിലെ മറ്റൊരു അധ്യായമായിരുന്നു ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിലെ പവലിയൻ.
മുൻവർഷത്തേത്തിൽ നിന്നും ഭിന്നമായി ഇത്തവണ പത്ത് ലക്ഷത്തിലേറെ രൂപയാണ് ഒരാൾക്കുള്ള പ്രവേശന ഫീസ്. ഇത്രയധികം ഫീസ് ഏർപ്പെടുത്തിയിട്ടും ഇതിന്റെ രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ട്. 2017ൽ തുടങ്ങിയതാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ്. സൗദി കിരീടാവകാശി നേരിട്ട് പങ്കെടുക്കുന്ന സൗദിയിലെ ഏറ്റവും വലിയ സമ്മേളനമാണിത്. എഫ്‌ഐഐ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതോടെ വിവിധ വിഷയങ്ങളിലൂന്നിയാണ് ഓരോ വർഷവും സമ്മേളനം നടക്കാറുള്ളത്. ഇത്തവണത്തെ സമ്മേളനത്തിനായുള്ള ഒരുക്കങ്ങളിലാണ് മീഡിയവൺ.
കോംപസ് എന്ന തീമിൽ ലോകത്തിലെ വിവിധ വിഷയങ്ങളിൽ സമ്മളനത്തിൽ ചർച്ച നടക്കും. ഇന്ത്യൻ നിക്ഷേപകരും ഇതിലുണ്ടാകും. സൗദിയുടെ തന്നെ ഗതിമാറ്റിയ നിയോം ഉൾപ്പെടെ വൻകിട പദ്ധതികളിലേക്കുള്ള പുതിയ കരാറുകളടക്കം പിറന്നത് എഫ്‌ഐഐ വഴിയായിരുന്നു. ആഗോള നിക്ഷേപ കരാറുകളും സഹായ പ്രഖ്യാപനങ്ങളും ചർച്ചകളും സംഗമിക്കുന്ന വേദിയിൽ ഇത്തവണയും പ്രവാസികളുടെ അഭിമാനമാകാൻ മീഡിയവണുണ്ടാകും.
Mediaone again as a media partner in Saudi . MediaOne has signed an agreement with FII