ലയണൽ മെസ്സി സൗദി ടൂറിസം അംബാസഡർ
|സൗദിയിലെ ജിദ്ദയിലെത്തിയ മെസ്സി വിവിധ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനത്തിലാണ്.
പ്രമുഖ ഫുട്ബോൾ താരം ലയണൽ മെസ്സി സൗദി ടൂറിസത്തിന്‍റെ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി നിയമിതനായി. സൗദിയിലെ ജിദ്ദയിലെത്തിയ മെസ്സി വിവിധ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനത്തിലാണ്. ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഉയരുന്നതിന്റെ ഭാഗമായാണ് സൗദിയുടെ പുതിയ ശ്രമം.
കഴിഞ്ഞ ദിവസമാണ് ലയണൽ മെസ്സി സൗദിയിലെ ജിദ്ദയിലെത്തിയത്. ചെങ്കടൽ തീരത്തൊരുങ്ങുന്ന നിയോം ഉൾപ്പെടെ വിവിധ ലക്ഷ്വറി ടൂറിസം കേന്ദ്രങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. സൗദിയുടെ ടൂറിസം അംബാസിഡറായി നിയമതനായ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. രാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമല്ല, അവസാനത്തേതും ആയിരിക്കില്ല എന്ന് മെസ്സിയെ സ്വാഗതം ചെയ്ത ട്വീറ്റിൽ ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
പുരാതന ജിദ്ദാ നഗരമായ ബലദിലും മെസ്സി സന്ദർശിച്ചു. ജിദ്ദ സീസണിന്‍റെ കൂടി ഭാഗമായുള്ള ഏറ്റവും വലിയ പരിപാടിയിൽ മെസ്സി പങ്കെടുത്തേക്കും. 60 ദിവസം നീണ്ടു നിൽക്കുന്ന ജിദ്ദാ സീസൺ ഫെസ്റ്റിവലിൽ 2800ലധികം ഇവന്റുകളുണ്ടാകും.