മൈക്രോസ്ഫ്റ്റ് പണിമുടക്കി; സൗദിയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിലായി
|അതേസമയം, സൗദി എയർലൈൻസിന്റെ ഒരു സർവീസുകളേയും മൈക്രോസ്ഫ്റ്റ് തകരാർ ബാധിച്ചിട്ടില്ല
റിയാദ്: മൈക്രോസ്ഫ്റ്റ് പണിമുടക്കിയതിന് പിന്നാലെ സൗദിയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളെയും ബാധിച്ചു. വിമാന യാത്രക്കാർക്ക് അറിയിപ്പുമായി വിവിധ എയർപോർട്ടുകളും എയർലൈനുകളും രംഗത്തെത്തി. എന്നാൽ സൗദി എയർലൈൻസിന്റെ ഒരു സർവീസുകളേയും ഇത് ബാധിച്ചിട്ടില്ല. സൗദിയിലെ ബാങ്കിങ് സർക്കാർ സേവനങ്ങളേയും വിഷയം ബാധിച്ചിട്ടില്ല.
റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര സർവീസുകളെയാണ് മൈക്രോസോഫ്റ്റ് പ്രശ്‌നം ആദ്യം ബാധിച്ചത്. ഇതിന് പിന്നാലെ സൗദി വിമാനക്കമ്പനികളായ ഫ്‌ലൈനാസും ഫ്‌ലൈ അദീലും സർവീസുകളിലെ കാല താമസവും ബോഡിങ് പാസ് ഇഷ്യൂ ചെയ്യുന്നതിലെ പ്രതിസന്ധിയും വിശദീകരിച്ചു. വിമാന യാത്രക്കാരോട് യാത്രക്ക് മുന്നേ സമയം എയർലൈനുമായി ബന്ധപ്പെട്ട് ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളേയും ഇത് ബാധിച്ചിട്ടുണ്ട്. വിവിധ ഇന്ത്യൻ വിമാന കമ്പനികൾ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. ആഭ്യന്തര സർവീസുകളിലും കാലതാമസം നേരിടുന്നുണ്ട്. എന്നാൽ സൗദി എയർലൈൻസിന്റെ ഒരു സർവീസുകളേയും വിഷയം ബാധിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. സൗദിയിലെ സർക്കാർ സേവനങ്ങളേയോ അബ്ഷിർ, ബാങ്കിങ് പ്ലാറ്റ്‌ഫോമുകളേയോ വിഷയം ബാധിച്ചിട്ടില്ല. പ്രതിസന്ധി ബാധിക്കാതിരിക്കാൻ ജാഗ്രത പുലർത്തുന്നതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയും ഐടി മന്ത്രാലയവും അറിയിച്ചു.