ഉച്ച സമയങ്ങളിൽ ഇനി പുറം ജോലികൾ ചെയ്യാം; സൗദിയിൽ ഉച്ചവിശ്രമ നിയമം അവസാനിച്ചു
|ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയായിരുന്നു നിയന്ത്രണം
റിയാദ്: സൗദിയിൽ ഉച്ചവിശ്രമ നിയമം അവസാനിച്ചതായി അറിയിപ്പ്. എല്ലാ വർഷവും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ഉച്ചക്ക് 12 മുതൽ വൈകിട്ട് 3 മണി വരെ തുറസായ സ്ഥലത്ത് തൊഴിലെടുപ്പിക്കുന്നത് നിയമപരമായി വിലക്കുന്നതാണ് നിയമം. ഇന്നത്തോടെ ഈ വർഷത്തെ വിലക്ക് കാലാവധി അവസാനിച്ചിരിക്കുകയാണ്. തൊഴിലാളികളുടെ സുരക്ഷയും, ആരോഗ്യവും സംരക്ഷിക്കുന്നതിന്റെയും, ഉൽപാദനം വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നിയമം നടപ്പിലാക്കുന്നത്. നിയമം നടപ്പിലാക്കുന്നത് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ്. അടിയന്തിര അറ്റകുറ്റ പണികൾ നടത്തുന്ന തൊഴിലാളികൾക്കും, പെട്രോളിയം, ഗ്യാസ് എന്നീ മേഖലയിൽ തൊഴിലെടുക്കുന്നവർക്കും നിയമം ബാധകരമായിരുന്നില്ല. ഇത്തരം തൊഴിലാളികൾക്ക് പരമാവധി വെയിലേൽക്കാതെ ജോലി ചെയ്യാനുള്ള അവസരം നൽകിയിരിക്കണം. നിയമംപാലിക്കാത്ത സ്ഥാപനങ്ങൾക്ക് ഒരു തൊഴിലാളിക്ക് മൂവായിരം റിയാൽ എന്ന തോതിലായിരുന്നു പിഴ ഈടാക്കിയിരുന്നത്.