റിയാദില്‍ ഖനന ലൈസന്‍സ് നടപടികള്‍ ഉടന്‍ ആരംഭിക്കും
|നിക്ഷേപം 3 ബില്യണ്‍ സൗദി റിയാലിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്
റിയാദില്‍ ഖനന ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഖനന കാര്യ, വ്യവസായ, ധാതു വിഭവ വകുപ്പ് വൈസ് മന്ത്രി ഖാലിദ് അല്‍ മുദൈഫര്‍ അറിയിച്ചു. ഏകദേശം 2 മുതല്‍ 3 ബില്യണ്‍ സൗദി റിയാലിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
റിയാദില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള വിശാല പ്രദേശത്തുനിന്ന് മൂല്യമേറിയ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കാന്‍ വേണ്ടിയാണ് ലൈസന്‍സ് അനുവദിക്കുന്നതെന്ന് അല്‍-മുദൈഫര്‍ പറഞ്ഞു. നിശ്ചിത മേഖലയില്‍ റോഡ് ശൃംഖലയും വൈദ്യുതിയും ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ടെന്നതിനാല്‍, നിക്ഷേപകര്‍ക്ക് ചെലവ് വളരെ കുറയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മന്ത്രാലയത്തിന് പല കമ്പനികളില്‍നിന്നും ലേലം ലഭിച്ചു തുടങ്ങിയെന്നും സാങ്കേതികവും സാമ്പത്തികവുമായ ശേഷിയും പ്രായോഗിക പരിചയവും കണക്കിലെടുത്തായിരിക്കും തുടര്‍നടപടികള്‍ കൈകൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക വികസനം, ലൈസന്‍സ് മൂല്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ലേലം സംഘടിപ്പിക്കുകയെന്നും അല്‍ മുദൈഫര്‍ അറിയിച്ചു.