കൺസൾട്ടിംഗ് മേഖലയിലെ സൗദിവത്കരണം; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രാലയം
|2023 ഏപ്രിൽ ആറ് മുതൽ പദ്ധതി പ്രാബല്യത്തിൽ വരും
കൺസൾട്ടിംഗ് മേഖലയിൽ സൗദിവത്കരണം നടപ്പാക്കുന്നതിന്റെ കൂടുതൽ വിശദാംശങ്ങൾ മന്ത്രാലയം പുറത്തുവിട്ടു. അടുത്ത വർഷം ഏപ്രിൽ മുതലാണ് നിയമം പ്രാബല്യത്തിൽ വരികയെന്നും കൺസൾട്ടിംഗ് മേഖലയിലെ 35 ശതമാനം പ്രൊഫഷനുകളിലും സൗദിവത്കരണം നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. കൺസൾട്ടിങ് മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കുമെന്ന് കഴിഞ്ഞ ദിവസം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹ്മദ് അൽറാജിഹി അറിയിച്ചിരുന്നു. ഇതിന് പിറകെയാണ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ മന്ത്രാലയം പുറത്ത് വിട്ടത്. 2023 ഏപ്രിൽ ആറ് മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.
കൺസൾട്ടിംഗ് മേഖലയിലെ 35 ശതമാനം പ്രൊഫഷനുകളിലും സ്വദേശികളെ നിയമിക്കാനാണ് നീക്കം. കമ്പ്യൂട്ടർ കൺസൾട്ടിംഗ് പ്രവർത്തനങ്ങൾ, സാമ്പത്തിക, സെക്യൂരിറ്റി ഇതര സാമ്പത്തിക ഉപദേശക പ്രവർത്തനങ്ങൾ, സകാത്ത്, ആദായ നികുതി ഉപദേശക പ്രവർത്തനങ്ങൾ, തൊഴിൽ ഉപദേശക പ്രവർത്തനങ്ങൾ, സീനിയർ മാനേജ്‌മെന്റ് ഉപദേശക സേവനങ്ങൾ, കായിക ഉപദേശക പ്രവർത്തനങ്ങൾ, അക്കൗണ്ടിംഗ് ഉപദേശക പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ 61 ഓളം തസ്തികകളിൽ സൗദിവത്കരണം ബാധകമാണ്. സ്ഥാപനങ്ങളുടെ നിലവിലെ നിതാഖാത്ത് നില പരിഗണിക്കാതെ തന്നെ സൗദിവത്കരണം നടപ്പാക്കാനാണ് തീരുമാനം. യോഗ്യരായ സൗദി യുവതീ യുവാക്കളുടെ ലഭ്യതക്കനുസരിച്ച് സൗദിവത്കരണ നിരക്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ministry has released more details on the implementation of Saudization in the consulting sector