ബിനാമി ബിസിനസിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍: സൗദി പൗരനും പ്രവാസിക്കും കനത്ത ശിക്ഷ
|രഹസ്യവിവരത്തെ തുടര്‍ന്ന് ആരംഭിച്ച അന്വേശണത്തിനൊടുവില്‍ കുറ്റകൃത്യം തെളിഞ്ഞതോടെയാണ് നടപടി
കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന് സൗദി പൗരനും വിദേശിക്കും കനത്ത ശിക്ഷ വിധിച്ച് പബ്ലിക് പ്രോസിക്യൂഷന്. നിയമവിരുദ്ധമായി പണം കൈമാറുന്നതിനായി പ്രതികള്‍ ലൈസന്‍സില്ലാതെ ബാങ്കിങ് നടപടികള്‍ പരിശീലിച്ചതായും ബിനാമി ഇടപാടുകളിലൂടെയും മയക്കുമരുന്ന് വ്യാപാരത്തിലൂടെയും രണ്ട് ബില്യണ്‍ റിയാല്‍ വരെ സൗദി പൗരന്റെ വാണിജ്യ സ്ഥാപനം വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
നിരവധി രാജ്യങ്ങളിലെ പൗരന്മാരുടെ ഉറവിടങ്ങള്‍ വ്യക്തമാക്കാത്ത പണമാണ് ഇത്തരത്തില്‍ വ്യാപാരത്തിന്റെ മറവില്‍ വെളുപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. രഹസ്യവിവരത്തെ തുടര്‍ന്ന് ആരംഭിച്ച അന്വേശണത്തിനൊടുവില്‍ കുറ്റകൃത്യം തെളിഞ്ഞതോടെയാണ് നടപടി.
പ്രതികള്‍ക്ക് അവരുടെ ശേഷിക്കനുസരിച്ച് തടവും പിഴയും വിധിച്ചിട്ടുണ്ട്. വിദേശത്തേക്ക് കൈമാറ്റം ചെയ്യപ്പെട്ടതിന് തുല്യമായ തുക കണ്ടുകെട്ടുകയും കുറ്റകൃത്യത്തില്‍ പങ്കെടുത്ത വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മൊത്തം പത്ത് കോടി റിയാല്‍ പിഴ ചുമത്തുകയും ചെയ്തു. സൗദി പൗരന് യാത്രാ വിലക്കും, വിദേശിക്ക് ശിക്ഷാ കാലാവധിക്ക് ശേഷം സൗദി പ്രവേശന വിലക്കുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.
ദേശീയ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി തങ്ങള്‍ ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷാ സംവിധാനങ്ങള്‍ ലംഘിക്കുന്ന ഏതൊരാള്‍ക്കും ഏറ്റവും കടുത്ത ശിക്ഷകള്‍ തന്നെ ഉറപ്പാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന് ഓര്‍മിപ്പിച്ചു.