സൗദിയും ഇന്ത്യയും തമ്മിൽ കൂടുതൽ കരാറുകൾ ഒപ്പുവെച്ചു
|സൗദിയും ഇന്ത്യയും തമ്മിൽ കൂടുതൽ കരാറുകൾ ഒപ്പുവെച്ചു. ഇന്ത്യ, സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗത്തിലാണ് ഇരു രാജ്യങ്ങളും ഇതുവരെ പ്രഖ്യാപിച്ച തീരുമാനങ്ങളുടെ അവലോകനം നടത്തിയത്. സൗദിയിലെ നിക്ഷേപ മന്ത്രാലയങ്ങളടക്കം അതീവ ജാഗ്രതയോടെ നിക്ഷേപവുമായി ബന്ധപ്പെട്ട സജീവമായി ഇടപെട്ടു.
ഇന്ത്യയുമായി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി എട്ടു കരാറുകൾക്ക് പുറമെ 40 ധാരണാ പത്രങ്ങളാണ് സൗദി ഒപ്പു വെച്ചത്. വിവര സാങ്കേതികം, കൃഷി, മരുന്ന് നിർമാണം, പെട്രോകെമിക്കൽസ്, മാനവവിഭവശേഷി തുടങ്ങി വിവിധ രംഗങ്ങളുമായി ബന്ധപ്പെട്ട 40ഓളം ധാരണാപത്രങ്ങളിലാണ് ഇരു കൂട്ടരും ഒപ്പുവെച്ചത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യൂറോപ്പിനേയും മിഡിലീസ്റ്റിനേയും ഇന്ത്യ വഴി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കാൻ ജാഗ്രതയും വേഗതയും വേണമെന്ന് കിരീടാവകാശി പരസ്പരം ഓർമിപ്പിച്ചു.
2019ൽ സൃഷ്ടിച്ചതാണ് ഇന്ത്യ സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ. ഇത് ശക്തമായി തുടരും. ഇന്ത്യ സൗദി സൈനിക സഹകരണം നാവിക മേഖലക്കും പുറത്തേക്ക് പോകും. ആയുധ നിർമാണ രംഗത്തും ഇന്ത്യൻ കമ്പനികൾ സൗദിയിലെത്തും. സ്കിൽ ഡവലപ്മെന്റ് പരീക്ഷ കാരണം സൗദിയിലേക്കുള്ള ഇന്ത്യക്കാരുടെ റിക്രൂട്ട്മെന്റിന് വേഗം കുറഞ്ഞത് പരിഹരിക്കാൻ ശ്രമം തുടരുന്നതായി കൂടിക്കാഴ്ചക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി ഔസാഫ് സഈദ് പറഞ്ഞു.
സ്പേസ് രംഗത്ത് ഇന്ത്യയും സൗദിയും നിലവിൽ ഐസ്ആർഒ സൗദി സ്പേസ് കമ്മീഷൻ തലത്തിലാണ് കരാർ. അത് രാഷ്ട്രങ്ങൾ തമ്മിലുള്ള കരാറാക്കി വിശാലമാക്കും. മന്ദഗതിയിലായ വെസ്റ്റോ കോസ്റ്റ് റിഫൈനറി പ്രൊജക്ടും വേഗത്തിലാക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിദ്യാഭ്യാസ മേഖലയിൽ സർവകലാശാലകൾ തമ്മിലുള്ള സഹകരണത്തിനും ധാരണയായതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു. പുരാവസ്തു രംഗത്ത് ഗവേഷേണത്തിനും ഇരു രാജ്യങ്ങളും സഹകരണത്തിന് ധാരണയായിട്ടുണ്ട്. അടുത്ത വർഷം റിയാദിൽ നിലവിൽ ഒപ്പുവെച്ച കരാറുകളേയും ധാരണാ പത്രങ്ങളുടേയും അവലോകനമുണ്ടാകും