ഉംറക്കെത്തുന്നവർക്ക് കൂടുതൽ ഇളവുകൾ; യാത്രക്കായി ഏതു വിമാനത്താവളവും ഉപയോഗിക്കാം
|ഒരു വർഷം എത്ര തവണയും ഉംറ വിസ ലഭിക്കും
സൗദിയിലേക്ക് ഉംറക്കായി എത്തുന്നവർക്ക് കൂടുതൽ ഇളവുകളുമായി ഹജ്ജ്-ഉംറ മന്ത്രാലയം. സൗദിയിലെ ഏത് വിമാനത്താവളങ്ങളും ഉംറ തീർഥാടകർക്ക് പോക്കുവരവിനായി ഉപയോഗിക്കാം. മൂന്ന് മാസം കാലാവധിയുള്ള വിസ കഴിഞ്ഞാൽ വീണ്ടും ആ വർഷം തന്നെ അപേക്ഷിക്കുകയും ചെയ്യാം.
ജിദ്ദ, മദീന വിമാനത്താവളങ്ങളാണ് മുൻപ് ഹജ്ജ്-ഉംറ തീർഥാടകർക്കായി അനുവദിച്ചിരുന്നത്. ഇതിൽ ഇനി മാറ്റമുണ്ടാകും. ഏതു വിമാനത്താവളം വഴിയും ഉംറക്കാർക്ക് സൗദിയിലേക്ക് വരികയും പോവുകയും ചെയ്യാം. ഇതോടെ സൗദിയുടെ ഏത് ഭാഗത്തുള്ള ടൂറിസ-ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കാനും തീർഥാടകർക്ക് സാധിക്കും.
കൂടാതെ ഇവരോടൊപ്പം സഞ്ചരിക്കാനാഗ്രഹിക്കുന്ന ബന്ധുക്കൾക്കും ഇത് സൗകര്യമാകും. മുൻപ് ഒരു മാസം വരെ കാലാവധിയുള്ള വിസകളായിരുന്നു ഉംറ തീർത്ഥാടകർക്ക് ലഭിച്ചിരുന്നത്. ഇനി മൂന്ന് മാസം വരെ ഒരു വിസയിൽ തന്നെ തങ്ങാം. ഏജൻസികൾ വഴിയാണ് എത്തുന്നതെങ്കിൽ അധിക ദിവസത്തേക്കുള്ള ചിലവ് സ്വന്തമായി വഹിച്ചാൽ മതിയാകും. മൂന്ന് മാസം പൂർത്തിയാകുന്നതോടെ സൗദിയിൽനിന്ന് പുറത്ത് പോകണം.
വീണ്ടും അതേ വർഷം വേണമെങ്കിൽ പുതിയ വിസയിൽ വരികയും ചെയ്യാം. പുതിയ രീതിയോടെ രാജ്യത്തെ ടൂറിസം രംഗം കൂടി സജീവമാക്കുകയാണ് സൗദിയുടെ ലക്ഷ്യം. സന്ദർശക വിസയിൽ ബന്ധുക്കളെ കൊണ്ടു വരാൻ സാധിക്കാത്ത പ്രവാസികൾക്കും തീരുമാനം ഗുണമാകും. ഓൺലൈൻവഴി സ്വന്തം നിലക്ക് തന്നെ ഉംറ ബുക്കിങ്ങിനുള്ള സംവിധാനവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.